തിരുവനന്തപുരം: സോളാർ കേസിലെ സി ബി ഐ അന്വേഷണം സർക്കാരിന് തന്നെ തിരിച്ചടിയാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സി ബി ഐക്ക് വിട്ട നടപടിയെ പ്രതിരോധിക്കാൻ ശ്രമിക്കില്ലെന്നും, ഒരു കേസിനും പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിബിഐയെ പേടിയില്ലെന്നും, ഏത് ഏജൻസി വേണമെങ്കിലും അന്വേഷണം നടത്തട്ടേയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.കേസിൽ ഇതുവരെ നടപടിയെടുക്കാതിരുന്നത് സർക്കാരിന്റെ കഴിവില്ലായ്മയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരാതിക്കാരി വീണ്ടും പരാതി നൽകിയതിൽ ഗൂഢാലോചന ഉണ്ടോയെന്ന് മാദ്ധ്യമങ്ങൾക്ക് അന്വേഷിക്കാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
താൻ തെറ്റ് ചെയ്യാത്തതിനാൽ നിയമത്തിന് മുന്നിൽ നിവർന്നു നിൽക്കാൻ സാധിക്കുമെന്നും, മൂന്ന് ഡിജിപിമാർ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ഉമ്മൻചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസിൽ ആരെയൊക്കെ ഉൾപ്പെടുത്തിയെന്നും ഒഴിവാക്കിയെന്നും ജനം വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സോളാർ കേസിലെ പീഡന പരാതികളിൽ സി ബി ഐ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്. കേസിൽ സർക്കാർ നിയമാനുസൃതമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നും, പരാതിക്കാരി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിട്ടതെന്നുമാണ് സർക്കാരിന്റെ വാദം.