ന്യൂഡൽഹി: യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയും തുടരുന്ന സൈനിക പ്രതിരോധം പിൻവലിക്കുന്നതിൽ വീണ്ടും ചർച്ച നടന്നു.അതിർത്തിയിൽ നിന്നും പൂർണമായും പിൻവാങ്ങണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടു.അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാനായി ഇരു രാജ്യങ്ങളുടെയും സൈനിക വൃത്തങ്ങൾ തമ്മിൽ നടത്തുന്ന ഒൻപതാംവട്ട ചർച്ചയിലാണ് ഇന്ത്യയുടെ ആവശ്യം. സംഘർഷ സാദ്ധ്യതയുളള ചിലയിടങ്ങൾ സ്വന്തമാണെന്ന ഇരു രാജ്യങ്ങളുടെയും വാദങ്ങൾ പരിശോധനാ വിധേയമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
കിഴക്കൻ ലഡാക്കിലെ മോൾഡോയിൽ ഞായറാഴ്ച രാവിലെ 10ന് ആരംഭിച്ച ചർച്ച സമാപിച്ചപ്പോൾ തിങ്കളാഴ്ച പുലർച്ചെ 2.30 ആയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ ചർച്ച നയിച്ചത് ലഫ്.ജനറൽ പി.ജി.കെ മേനോൻ ആണ്. അതിർത്തിയിലെ വിവിധ പ്രദേശങ്ങളുടെ ഉടമസ്ഥാവകാശം തന്നെയാണ് ചർച്ച നീണ്ടുപോകാൻ കാരണമായത്.
2020 ആരംഭത്തിൽ ലഡാക്കിലുണ്ടായ സംഘർഷത്തെ തുടർന്ന് വിവിധ ഘട്ടങ്ങളിലായി ഇന്ത്യയും ചൈനയും ഒരുലക്ഷം സൈനികരെയാണ് യഥാർത്ഥ നിയന്ത്രണ രേഖയിൽ വിന്യസിച്ചത്. ഒക്ടോബർ 12ന് നടന്ന ഏഴാംവട്ട ചർച്ചയിൽ ചൈന ഇന്ത്യയോട് പാങ്ഗോംഗ് ത്സൊ തടാകക്കരയിൽ നിന്ന് സൈനികരെ പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവിഭാഗവും സൈനികരെ പിൻവലിക്കണമെന്നാണ് അന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. നവംബർ ആറിന് നടന്ന എട്ടാംവട്ട ചർച്ചയിൽ യഥാർത്ഥ നിയന്ത്രണ രേഖയിലെ ചിലയിടങ്ങളിലെ സൈനികരെ പിൻവലിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു.
ഇന്ത്യ-ചൈന അതിർത്തിയിലെ കൂടിയാലോചനയ്ക്കും സഹകരണത്തിനുമുളള ഒരു യോഗം ഡിസംബർ മാസത്തിൽ നടന്നിരുന്നു. കഴിഞ്ഞ സെപ്തംബറിൽ മോസ്കോയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ സമ്മേളനത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ അഞ്ച് മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയാണ് ഇപ്പോൾ നടന്നത്. എന്നാൽ ചർച്ചയുടെ പൂർണമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.