തിരുവനന്തപുരം: സോളാർ കേസ് സിബിഐയ്ക്ക് വിടാനുളള സർക്കാർ തീരുമാനത്തിൽ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'അഞ്ച് വർഷം അധികാരത്തിലിരുന്നിട്ടും സർക്കാരിന് സോളാർ കേസിൽ എന്തെങ്കിലും തുമ്പോ, നടപടിയോ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. സോളാർ കുത്തിപ്പൊക്കുന്നതിനുളള ഇടത് സർക്കാരിന്റെ ഈ തീരുമാനം തെറ്റിപ്പോയെന്ന് കാലം തെളിയിക്കും. അഞ്ച് വർഷം ഒന്നും നടക്കാത്തൊരു കേസ് പൊടിതട്ടിയെടുക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്. യുഡിഎഫിനെ നേരിടാനാകാത്ത അവസ്ഥയിലാണ് ഇടത് മുന്നണി. എൽ.ഡി.എഫിന് തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവാണ് ഈ സർക്കാർ തീരുമാനത്തിന് പിന്നിൽ. ഇതിനെ രാഷ്ട്രീയമായി യു.ഡി.എഫ് നേരിടും.' ചെന്നിത്തല പറഞ്ഞു.
ഓലപ്പാമ്പ് കാട്ടി തങ്ങളെ പേടിപ്പിക്കേണ്ടെന്നും യുഡിഎഫിനെതിരെ രാഷ്ട്രീയ ഗൂഢാലോചന കുറച്ച് നാളായി നടക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. വാളയാർ കേസും ഷുക്കൂർ വധക്കേസും പെരിയ ഇരട്ടക്കൊലകേസിലും സിബിഐ അന്വേഷണത്തിന് സർക്കാർ ആദ്യം തയ്യാറായില്ല. വാളയാറിലെ കുട്ടികളുടെ അമ്മ സമരം ചെയ്തപ്പോഴാണ് സിബിഐ അന്വേഷണത്തിന് സർക്കാർ തയ്യാറായത്. പെരിയ കേസ് സിബിഐയ്ക്കെതിരെ സർക്കാർ കോടതിയിൽ പോയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
എൽഡിഎഫിൽ ഒരാൾ തീരുമാനിക്കും മറ്റുളളവർ പഞ്ചപുച്ഛമടക്കി അനുസരിക്കുന്നതാണ് രീതിയെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു. 'സോളാർ കേസിൽ അജിത് പ്രസായാ എന്ന സുപ്രീംകോടതി അഭിഭാഷകനോട് സർക്കാർ നിയമോപദേശത്തിന് പോയി. കേസ് നിലനിൽക്കില്ലെന്ന ഉപദേശമാണ് ലഭിച്ചത്.' ചെന്നിത്തല പറഞ്ഞു.
ബിജെപി പിന്തുണയോടെയാണ് കേസ് സിബിഐയെ സർക്കാർ ഏൽപ്പിക്കുന്നതെന്നും പ്രതിപക്ഷനേതാവ് രൂക്ഷ വിമർശനം ഉന്നയിച്ചു. 'സിബിഐയോട് ഇതുവരെയില്ലാത്ത പ്രേമം പിണറായിക്കുണ്ടാകണമെങ്കിൽ അതിൽ എന്തെങ്കിലും കാരണമുണ്ടാകും. ബിജെപിയുമായുളള രാഷ്ട്രീയ അഡ്ജസ്റ്റുമെന്റാണിത്. ഇതെല്ലാം കേരളജനതക്ക് ബോദ്ധ്യപ്പെടും' ചെന്നിത്തല അഭിപ്രായപ്പെട്ടു.