കണ്ണൂർ: കൊവിഡ് രോഗബാധിതനായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നില ഗുരുതരം. ന്യൂമോണിയ്ക്കൊപ്പം ഉയർന്ന പ്രമേഹവുമുളള അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജയരാജന് വിദഗ്ദ്ധ ചികിത്സ നൽകുന്നതിനായി തിരുവനന്തപുരത്ത് നിന്നും പ്രത്യേക വിദഗ്ദ്ധസംഘം ഉടൻ പുറപ്പെടും. ഇതിനുമുന്നോടിയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുളള കൊവിഡ് രോഗ വിദഗ്ദ്ധൻ ഡോ.അനൂപ് പരിയാരത്തെത്തി ജയരാജനെ പരിശോധിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ.അനിൽ സത്യദാസ്, ഡോ.സന്തോഷ് എന്നിവർ വൈകാതെ ജയരാജനെ പരിശോധിക്കും. ഒരാഴ്ച മുൻപാണ് ജയരാജന് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വസിക്കുന്ന ഓക്സിജൻ അളവ് കുറഞ്ഞതോടെ പ്രത്യേക സി-പാപ്പ് ഓക്സിജൻ മെഷീനുപയോഗിച്ചാണ് ശ്വസനം സാദ്ധ്യമാക്കുന്നത്. ജയരാജനെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇക്കാര്യങ്ങളെ കുറിച്ച് ചർച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിലൂടെ ജയരാജന്റെ ആരോഗ്യനിലയെ കുറിച്ച് ആശുപത്രി സൂപ്രണ്ട് ഡോ.കെ. സുദീപുമായി സംസാരിച്ചു. സി.പി.എം നേതാവ് എം.വി ഗോവിന്ദനും ആശുപത്രിയിലെത്തി എം.വി ജയരാജന്റെ ആരോഗ്യനിലയെ കുറിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു.