മുംബയ്: റിപ്പബ്ലിക് ടി വിക്ക് അനുകൂലമായി റേറ്റിംഗുകൾ കൈകാര്യം ചെയ്തതിന് ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി പണം നൽകിയിട്ടുണ്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി ബാർക് മുൻ സി ഇ ഒ പാർഥോ ദാസ്ഗുപ്ത. മുംബയ് പൊലീസിന് നൽകിയ മൊഴിയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
ചാനലിന് അനുകൂലമായി ഉയർന്ന റേറ്റിംഗ് നൽകിയതിന് പ്രതിഫലമെന്നോണം മൂന്നുവർഷത്തിനിടെ 40 ലക്ഷം രൂപ ലഭിച്ചുവെന്നും കുടുംബവുമായി വിദേശരാജ്യങ്ങളിൽ യാത്ര നടത്തുന്നതിന് 12,000 യു എസ് ഡോളർ നൽകിയെന്നും ടി ആർ പി അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുംബയ് പൊലീസ് ഫയൽ ചെയ്ത അനുബന്ധ കുറ്റപത്രത്തിൽ പറയുന്നു.
റിപ്പബ്ലിക് ടി വിക്ക് റേറ്റിംഗിൽ ഒന്നാംസ്ഥാനം ലഭിക്കുന്നതിന് വേണ്ടി താനും തന്റെ സംഘവും ടി ആർ പി റേറ്റിംഗിൽ കൃത്രിമം നടത്തി. 2017 മുതൽ 2019 വരെ ഇപ്രകാരം ചെയ്തു. 2017ൽ ലോവർ പരേലിലെ സെന്റ് റെജിസ് ഹോട്ടലിൽ വച്ച് അർണബ് ഗോസ്വാമിയുമായി കൂടിക്കാഴ്ച നടത്തുകയും കുടുംബവുമായി ഫ്രാൻസ്-സ്വിറ്റ്സർലൻഡ് യാത്ര നടത്തുന്നതിനായി ആറായിരം യു എസ് ഡോളർ നൽകുകയും ചെയ്തു.
2019ൽ വീണ്ടും സെന്റ് റെജിസ് ഹോട്ടലിൽ വച്ച് സ്വകാര്യ കൂടിക്കാഴ്ച നടത്തി കുടുംബവുമൊന്നിച്ചുളള സ്വീഡൻ-ഡെൻമാർക്ക് യാത്രക്കായി ആറായിരം യുഎസ് ഡോളർ നൽകി. 2017-ൽ ഐ ടി സി പരേൽ ഹോട്ടലിൽ വച്ച് കൂടിക്കാഴ്ച നടത്തിയപ്പോൾ ഇപരുപത് ലക്ഷം രൂപയാണ് നൽകിയത്. 2018ലും 19ലും ഐ ടി സി ഹോട്ടലിൽ വച്ചും കൂടിക്കാഴ്ച നടത്തി. ഓരോ തവണയും പത്തുലക്ഷം രൂപ വീതം അർണാബ് നൽകിയെന്നും പാർഥോ മൊഴിയിൽ പറയുന്നു.
അതേസമയം, പാർഥോ ദാസ്ഗുപ്തയുടെ അഭിഭാഷകൻ അർജുൻ സിംഗ് ഈ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി.പാർഥോയെക്കൊണ്ട് നിർബന്ധിച്ചു പറയപ്പിച്ചതാണ് മൊഴിയിലുളളതെന്ന് അദ്ദേഹം ആരോപിച്ചു. ഗോസ്വാമിയുടെ നിയമസംഘം ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ താൻ തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും തന്നോട് പകപോക്കുകയാണെന്നും അർണബ് ആവർത്തിച്ചു.
പാർഥോ ദാസ്ഗുപ്ത, മുൻ ബാർക് സി ഒ ഒ റോമിൽ ഗർഹിയ, റിപ്പബ്ലിക് മീഡിയ നെറ്റ് വർക്ക് സി ഇ ഒ വികാസ് ഖാൻചണ്ഡാനി എന്നിവർക്കെതിരേയാണ് അനുബന്ധ കുറ്റപത്രം ഫയൽ ചെയ്തിരിക്കുന്നത്. 2020 നവംബറിൽ 12 പേർക്കെതിരേ ആദ്യ കുറ്റപത്രം ഫയൽ ചെയ്തിരുന്നു.