ന്യൂഡൽഹി: മാദ്ധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് നൽകി. വിഷയവുമായി ബന്ധപ്പെട്ടുള്ള നിയമവശങ്ങൾ അവലോകനം ചെയ്യുന്നതിന് ഒരു പാനൽ രൂപീകരിക്കണമെന്ന് കോടതി സർക്കാരിന് നിർദേശം നൽകി.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ എ എസ് ബോപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയുമായി ബന്ധപ്പെട്ട് പ്രസ് കൗൺസിൽ ഒഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ് അതോറിറ്റി, ന്യൂ ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ, പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റർസ് അസോസിയേഷൻ എന്നിവയിൽ നിന്നും കോടതി പ്രതികരണങ്ങൾ തേടി.
നിയന്ത്രണങ്ങളില്ലാത്ത മാദ്ധ്യമങ്ങൾ വിദ്വേഷവും, വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നു.പൗരന്മാർക്ക് സത്യസന്ധമായ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാനുള്ള അവകാശം ലംഘിക്കപ്പെടുന്നു. അതിനാൽ മാദ്ധ്യമങ്ങളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നാണ് ഹർജിയിൽ പറയുന്നത്.