രാഷ്ട്രീയ നേതാക്കളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ എതിർ ചേരിയിലുള്ള പ്രവർത്തകർ അസഭ്യം ചൊരിയുന്ന സംഭവം പലപ്പോഴും നിയമ നടപടികളിലേക്ക് നീങ്ങിയിട്ടുണ്ട്. ഓരോ പാർട്ടിക്കും സ്വന്തമായി സൈബർ പോരാളികൾ വരെയുള്ള ഇക്കാലത്ത് ഇത്തരം സൈബർ ആക്രമണങ്ങൾ നിയന്ത്രിക്കാനാവാതെ വളരുകയാണ്. ഇപ്പോഴിതാ രാഷ്ട്രീയ വൈരം നിമിത്തം രാഷട്രീയ നേതാക്കളുടെ മക്കളുടെ നേർക്ക് പോലും അസഭ്യം ചൊരിയുന്ന കാഴ്ചയാണുള്ളത്.
അടുത്തിടെ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മകൾക്കൊപ്പമുള്ള ഫോട്ടോ സമൂഹമാദ്ധ്യമത്തിൽ വൈറലായിരുന്നു. എന്നാൽ എന്തിനെയും രാഷ്ട്രീയ കണ്ണുകളോടെ നോക്കുന്നവർ അസഭ്യ കമന്റുകളുമായി രംഗത്തു വന്നു.
ഇതിൽ പലതും ഫേക്ക് ഐഡികളിൽ നിന്നുമായിരുന്നു. ഇത്തരത്തിൽ മോശം കമന്റിടുന്നവർക്ക് താക്കീതുമായി രംഗത്ത് വന്നിരിക്കുകയാണ് ബി ജെ പി നേതാവ് സന്ദീപ് വാര്യർ. സംസ്ഥാന അദ്ധ്യക്ഷന്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാമെന്നും വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാൽ വെറുതേ വിടാൻ പോകുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. മുഖ്യമന്ത്രിയെ ക്രിയാത്മകമായി വിമർശിക്കുന്നവരെ പോലും അറസ്റ്റ് ചെയ്യുന്ന പൊലീസിന് ബി ജെ പി നേതാക്കൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ നടപടിയെടുക്കാൻ മടിയാണെന്നും ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാം. ഫേക്ക് എക്കൗണ്ടിൽ ഒളിച്ചിരുന്ന് പുലഭ്യം പറയുന്നവർ എല്ലാ കാലത്തും സേഫ് സോണിലായിരിക്കും എന്ന് തെറ്റിദ്ധരിക്കരുത്. ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ വ്യക്തിഹത്യ നടത്തുമ്പോൾ നടപടിയെടുക്കാൻ കേരള പോലീസിന് മടിയാണ് . അതേ സമയം മുഖ്യമന്ത്രിക്കെതിരെ വരുന്ന ക്രിയാത്മക വിമർശനങ്ങളുടെ പേരിൽ പോലും കേസും അറസ്റ്റും ഉണ്ടാവുന്നു. ഇത് ഇരട്ട നീതിയാണ്.
ബിജെപി പ്രവർത്തകരുടെയും നേതാക്കളുടെയും പെൺകുട്ടികളെ പോലും അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബർ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂ. നേതാക്കളെ പറഞ്ഞാൽ ഞങ്ങൾ സഹിക്കും . വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാൽ വെറുതേ വിടാൻ പോകുന്നില്ല .