ന്യൂഡൽഹി: ബാബറി പള്ളി പൊളിച്ച സംഭവത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ.ബാബറിനെപ്പോലുള്ള വിദേശികൾ ഇന്ത്യയിലേക്ക് കടന്നുകയറിയശേഷം രാമക്ഷേത്രം പൊളിക്കാൻ തീരുമാനിച്ചതിന് കാരണം ഇന്ത്യയുടെ ആത്മാവ് രാമക്ഷേത്രത്തിലാണെന്നുള്ള തിരിച്ചറിവിലാണെന്നും പള്ളി പൊളിച്ചതിലൂടെ ചരിത്രത്തിലുണ്ടായ വലിയ തെറ്റ് തിരുത്തപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിർമ്മാണത്തിനുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ശ്രീ രാമ ജന്മ ഭൂമി മന്ദിർ നിധി സമർപ്പണ അഭിയാൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോദ്ധ്യയിൽ പള്ളിയില്ലായിരുന്നുവെന്നും ചരിത്രത്തിൽ തെളിവുണ്ടെന്നും മന്ത്രി പറഞ്ഞു. അയോദ്ധ്യയിൽ നടന്നതിന് താനും സാക്ഷിയാണ്. അന്ന് താനും ഒരു കർസേവകനായി അയോദ്ധ്യയിലുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന കെട്ടിടം പൊളിച്ച് മാറ്റി ഇന്ത്യയ്ക്ക് ഒരു പുതിയ ഉദയം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.