SignIn
Kerala Kaumudi Online
Friday, 05 March 2021 1.01 PM IST

'രോഗികളുടെ കൂട്ടിരുപ്പുകാരുടെയും, വിദേശയാത്രയ്‌ക്ക് പോകുന്നവരുടെയും പരിശോധന പോലും കേരളത്തിൽ കൊവിഡ് പരിശോധനയായി എണ്ണുന്നു'; രൂക്ഷ വിമർശനവുമായി ഓൾ ഇന്ത്യാ പ്രൊഫഷണൽസ് കോൺഗ്രസ്

dr-lal

തിരുവനന്തപുരം: രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കിൽ കുറവ് രേഖപ്പെടുത്തുമ്പോഴും കേരളത്തിൽ മാത്രം രോഗികൾ കൂടിവരുന്നത് വളരെ ഗുരുതരമായ സാഹചര്യമാണെന്ന് ഓൾ ഇന്ത്യാ പ്രൊഫഷണൽസ് കോൺഗ്രസ് അദ്ധ്യക്ഷൻ ഡോ.എസ്.എസ് ലാൽ. കൊവിഡ് രോഗികളുടെ എണ്ണത്തിൽ നാലാം സ്ഥാനവും കൊവിഡ് മരണത്തിൽ പന്ത്രണ്ടാം സ്ഥാനവും കേരളത്തിനാണ്.

ലോകാരോഗ്യസംഘടനയുടെ നിർദ്ദേശ പ്രകാരം പരമാവധി പേരെ ടെസ്റ്റ് ചെയ്യുക, രോഗികളെ തിരിച്ചറിയുക, രോഗമുള്ളവരെ പ്രത്യേകം പാർപ്പിക്കുക എന്ന നയമാണ് ലോകത്തെല്ലായിടത്തും സ്വീകരിച്ചത്. എന്നാൽ കേരളത്തിലെ കൊവിഡ് ടെസ്റ്റിങ് നിരക്ക് ദേശീയ ശരാശരിയെക്കാൾ കുറവാണ്. കൂടുതൽ ടെസ്റ്റ് ചെയ്താൽ കൂടുതൽ രോഗികൾ കണ്ടുപിടിക്കപ്പെടും എന്നതിനാൽ ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുകയായിരുന്നു. ഈ നയങ്ങൾ മാറ്റമില്ലാതെ തുടർന്നതിനാലാണ് രോഗവ്യാപനം നിയന്ത്രണ വിധേയമല്ലാത്ത അവസ്ഥയിലേയ്ക്ക് പോയത്.

രാജ്യത്ത് പ്രതിദിനമുള്ള കേസുകളിൽ ഏതാണ്ട് അൻപത് ശതമാനവും കേരളത്തിലായിട്ടും രാജ്യത്തെ ടെസ്റ്റുകളുടെ എട്ട് ശതമാനത്തിൽ താഴെയാണ് കേരളത്തിൽ നടക്കുന്നത്. കൊവിഡ് വ്യാപനം തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ടെസ്റ്റിംഗിനുള്ള ലബോറട്ടറി സംവിധാനങ്ങൾ വ്യാപിപ്പിക്കാൻ സർക്കാർ ശ്രമിച്ചില്ല. ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കായി കേരളത്തിൽ 146 ലബോറട്ടറികൾ മാത്രമാണുള്ളത്. സർക്കാരിലെ നാല്പതോളം ലബോറട്ടറികളെ മാത്രമാണ് അടുത്തകാലം വരെ സജ്ജമാക്കിയിരുന്നത്. നൂറ്റിമൂന്ന് സ്വകാര്യ സ്ഥാപനങ്ങളെ വളരെ വൈകിയാണ് പരിശോധനയ്ക്കായി ഉൾപ്പെടുത്തിയത്. കേരളത്തിൽ ഇപ്പോൾ നടക്കുന്ന ടെസ്റ്റുകളുടെ എണ്ണം തെറ്റായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. കൂടുതൽ ടെസ്റ്റിങ്ങും നടക്കുന്നത് സ്വകാര്യ മേഖലയിലാണ്. അതിന്റെ നല്ലൊരു ശതമാനവും മറ്റു രോഗങ്ങളുള്ളവരെ ചികിത്സിക്കുമ്പോൾ അവർക്ക് കൊവിഡ് ഇല്ല എന്ന് ഉറപ്പുവരുത്താൻ ചെയ്യുന്നതാണ്.

രോഗികളുടെ കൂട്ടിരുപ്പുകാരുടെയും വിദേശയാത്രയ്ക്ക് പോകുന്നവരുടെയും പരിശോധനയും കൊവിഡ് ടെസ്റ്റുകളായി കൂട്ടുകയാണ്. ഇതുകൂടാതെ കേരളത്തിൽ ഇതുവരെ നടന്ന 91 ലക്ഷം ടെസ്റ്റുകളിൽ അറുപതു ലക്ഷത്തിലധികവും ആന്റിജൻ ടെസ്റ്റ് ആണ്. ശരാശരി അൻപത് ശതമാനത്തിൽ താഴെ മാത്രം സെന്സിറ്റിവ് ആയ ആന്റിജൻ ടെസ്റ്റ് വ്യാപകമായി ഉപയോഗിച്ചതും കേരളത്തിൽ രോഗനിർണ്ണയം കുറയാനും അതുവഴി അധിക രോഗവ്യാപനം ഉണ്ടാകാനും കാരണമായി.കൊവിഡ് ചികിത്സയിൽ കഴിയുന്നവർക്ക് രോഗം മാറിയോ എന്നറിയാൻ ചെയ്യുന്ന പരിശോധനകളും കൊവിഡ് ടെസ്റ്റുകളായി എണ്ണുന്നുണ്ട്. കൊവിഡ് പോസുറ്റീവ് ആയിരുന്ന ഒരാൾ മരിച്ചാൽ മൃതദേഹത്തിൽ വീണ്ടും ടെസ്റ്റ് ചെയ്യുന്നതും നെഗറ്റീവ് ആണെങ്കിൽ കൊവിഡ് മരണത്തിൽ ഉൾപ്പെടുത്താതിരിക്കുന്നതും മാനദണ്ഡങ്ങൾക്ക് എതിരാണ്.
കൊവിഡ് നിയന്ത്രണത്തിനായി കേരളത്തിലെ മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളെയും ഒറ്റ സംവിധാനമായി കണ്ട് സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരണമായിരുന്നു. സംസ്ഥാനത്തെ മുപ്പത് ശതമാനം രോഗികളെ മാത്രം കൈകാര്യം ചെയ്യുന്ന സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് കൊവിഡ് പോലുള്ള ഒരു വലിയ പ്രശ്‌നത്തെ സർക്കാർ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ ശ്രമിച്ചത് തെറ്റാണെന്ന് തുടക്കത്തിലേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ ആരെയും വിശ്വാസത്തിലെടുക്കാതെയും വിശാലമായ ചർച്ചകൾ നടത്താതെയുമാണ് സർക്കാർ മുന്നോട്ടു പോയത്. സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് അതോറിറ്റിയായ ആരോഗ്യവകുപ്പ് ഡയറക്ടറെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെയും അവരുടെ വകുപ്പുകളിലെ വിദഗ്ദ്ധരെയും സർക്കാർ പൂർണ്ണമായും ഒഴിവാക്കി.


കേരളത്തിൽ ഇതുവരെ കാര്യമായ ഗവേഷണങ്ങൾ നടക്കാത്തതിന് സർക്കാരാണ് ഉത്തരവാദി. കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗവേഷണത്തിനായി സർക്കാർ ഉപയോഗിക്കുകയോ മറ്റു സ്ഥാപങ്ങൾക്കു നൽകുകയോ ചെയ്തില്ല. ആദ്യ കേസ് റിപ്പോർട്ട് ചെയത് ഒരു വർഷം ആയിട്ടും കൊവിഡിന്റെ കാര്യത്തിൽ സർക്കാരിന്റെ നയം എന്താണെന്ന് വ്യക്തമല്ല.


കോവിഡിനെതിരെ വാക്സിൻ ലഭ്യമായിട്ടും വാക്സിനേഷൻ പ്രക്രിയ മന്ദഗതിയിലാണ് നീങ്ങുന്നത്. ലക്ഷക്കണക്കിന് മനുഷ്യർ വാക്സിനേഷൻ കിട്ടാൻ കാത്തുനിൽക്കുമ്പോൾ ഈ രംഗത്ത് സർക്കാരിന്റെ അലംഭാവമുണ്ട്. വാക്‌സിനേഷൻ പ്രക്രിയ ത്വരിതപ്പെടുത്താൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഓൾ ഇന്ത്യാ പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡോ.എസ്.എസ്. ലാൽ ആവശ്യപ്പെട്ടു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM, DR SS LAL, ALL INDIA PROFESSIONAL CONGRESS, CONGRES, HEALTH SECTOR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.