ന്യൂഡൽഹി:രണ്ടര മാസത്തിനു ശേഷം ഇന്നലെ നടന്ന ഇന്ത്യ – ചൈന സൈനിക ചർച്ചയിൽ ശുഭസൂചനയെന്ന് കരസേന.സംഘർഷം കുറയ്ക്കുന്നതിന് ചൈനയാണ് പിൻവാങ്ങേണ്ടത് എന്ന ഇന്ത്യൻ നിലപാട് ഇന്നലെ നടന്ന ഒൻപതാം ഘട്ട ചർച്ചയിലും ഇന്ത്യ ആവർത്തിച്ചു. യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്നും ഇന്ത്യ -ചൈനയുടെ പടിഞ്ഞാറൻ അതിർത്തിയിൽ നിന്നുമുള്ള സേനാ പിൻന്മാറ്റത്തിനെക്കുറിച്ച് മണിക്കൂറുകൾ നീണ്ട ഗഹനമായ ചർച്ച നടന്നു.
പാംഗോംഗ് തടാകത്തിന് തെക്ക് ഇന്ത്യ തന്ത്രപ്രധാനമേഖലകളിൽ നിന്നു പിന്മാറണമെന്നുള്ള നിലപാടിൽ ചൈനയും ഉറച്ച് നിന്നു. ചൈന കടന്നുകയറ്റം അവസാനിപ്പിച്ചാൽ എല്ലായിടത്തു നിന്നും ഒരുപോലെ പിന്മാറ്റം തുടങ്ങാമെന്ന് ഇന്ത്യ വ്യക്തമാക്കി. ഇതിന് അനുകൂലമായി പ്രതികരിച്ചെങ്കിലും പത്താം ഘട്ട ചർച്ചയ്ക്കൊരുങ്ങാനാണ് ഇരുവിഭാഗങ്ങളും തീരുമാനിച്ചിരിക്കുന്നത്. സേനാ പിന്മാറ്റത്തെക്കുറിച്ച് ഉടൻ തീരുമാനത്തിലെത്താനും ധാരണയായി.
ലഡാക്കിലെ സംഘർഷ മേഖലകളിൽ നിന്നുള്ള കമാൻഡർമാരാണ് ചൈനീസ് ഭാഗത്തുള്ള മോൾഡോ അതിർത്തിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത്.ലെയിലെ 14 കോർ കമാൻഡർ ലഫ്.ജനറൽ പി.ജി.കെ. മേനോനാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്.ഇന്ത്യയുടെ അരലക്ഷത്തോളം സൈനികർ കൊടുംശൈത്യത്തെ വെല്ലുവിളിച്ച് അതിർത്തിയിൽ യുദ്ധസജ്ജരായി കഴിയുകയാണ്. മറുഭാഗത്ത് ചൈനയും പടയൊരുക്കം നടത്തിയിട്ടുണ്ട്.
അതിർത്തിയിൽ സംഘർഷം; നിരവധി സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ട്
വടക്കൻ സിക്കിമിലെ നാക്കു ലായിൽ 20ന് ചൈനീസ് സൈന്യം നുഴഞ്ഞു കയറാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്. നുഴഞ്ഞുകയറ്റം പ്രതിരോധിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ 20 ചൈനീസ് സൈനികർക്കും നാല് ഇന്ത്യൻ സൈനികർക്കും പരിക്കേറ്റതായി ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു. പെട്രോളിംഗിനിടെ ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. ഇരുവിഭാഗവും വടിയും കല്ലുകളും ഉപയോഗിച്ച് പ്രതിരോധിച്ചു.. വെടിവയ്പ്പ് നടന്നിട്ടില്ലെന്നതാണ് റിപ്പോർട്ട്. സംഘർഷം നടന്നതായി സേനയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ചൈനീസ് സർക്കാർ വാദം നിരാകരിച്ചു. ഇന്ത്യ - ചൈനീസ് അതിർത്തിയിൽ ഏകദേശം 3,440 കിലോമീറ്റർ (2,100 -മൈലുകൾ) കൃത്യമായി അതിർത്തി തിരിക്കാത്ത നിലയിലാണ്. ഇതിൽ ഭൂരിഭാഗവും നദിയും കായലും മഞ്ഞുവീഴ്ചയും കൊണ്ട് അതിർത്തി മറഞ്ഞ നിലയിലുള്ളയിടങ്ങളാണ്.നിലവിൽ സംഘർഷം നടന്നിരിക്കുന്ന നാകു ലായിൽ സമുദ്രനിരപ്പിൽ നിന്ന് 16000 അടി മുകളിലാണ്. കഴിഞ്ഞ മെയിലും ഇവിടെ സംഘർഷം നടന്നിരുന്നു.