തിരുവനന്തപുരം: കൊവിഡ് കാലത്ത് കിസാൻ മിത്ര പദ്ധതിയിലൂടെ കേരള ബാങ്ക് 42,594 കർഷകർക്ക് 803.91 കോടിരൂപ വായ്പ അനുവദിച്ചു. സർക്കാരിന്റെ ആദ്യഘട്ട 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി 3,834 സംരംഭകത്വ വായ്പയിലൂടെ 10,453 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. രണ്ടാംഘട്ട 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി 10,000 പേർക്ക് കൂടി തൊഴിൽ നൽകുമെന്ന് ബാങ്ക് വ്യക്തമാക്കി.
2019 നവംബർ 29 മുതൽ 2020 സെപ്തംബർ വരെ 4,181.25 കോടി രൂപയുടെ ഹ്രസ്വകാല വായ്പയാണ് വിവിധ സംഘങ്ങൾക്ക് നൽകിയത്. ദീർഘകാല കാർഷിക വായ്പയായി 16 കോടി രൂപയും നൽകി. എം.എസ്.എം.ഇ., സുവിധ, പ്രവാസി കിരൺ തുടങ്ങിയ വായ്പകളാണ് സംരംഭകർക്കായി അനുവദിച്ചത്. നബാർഡിന്റെ പുനർവായ്പാ സഹായത്തോടെ ദീർഘകാല കാർഷിക വായ്പകളും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി നൽകി. കാർഷിക ചെറുകിട വ്യവസായ സംരംഭ മേഖലയിൽ വിവിധ സഹകരണ സംഘങ്ങൾക്ക് 134.25 കോടി രൂപയും നൽകി.
കേരള ബാങ്ക്: നിക്ഷേപം
₹61,000 കോടി
ഒരുവർഷം പിന്നിട്ട കേരളബാങ്കിലെ നിക്ഷേപം 61,037.59 കോടി രൂപയിലെത്തി. 2019-20ൽ ലാഭം 374.75 കോടി രൂപയായിരുന്നു. 5,619 ജീവനക്കാരാണുള്ളത്. ആളോഹരി ബിസിനസ് 18.44 കോടി രൂപ. ശാഖകൾ 769. മുന്നൂറിലധികം എ.ടി.എമ്മുകളും ആറ് മൊബൈൽ എ.ടി.എമ്മും 4,599 പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ ശാഖകൾ ഉൾപ്പെടെ 5,668 വൺ ടച്ച് പോയിന്റുകളുമുണ്ട്.