ന്യൂഡൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കർഷകരുടെ ചരിത്രപരമായ കിസാൻ പരേഡ് ഇന്ന് നടക്കും. പരേഡിൽ പങ്കെടുക്കുന്നതിന് രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, യു.പി സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ നൂറുകണക്കിന് ട്രാക്ടറുകളിൽ ഡൽഹി അതിർത്തിയിലെത്തി. സിംഘു, തിക്രി, ഗാസിപ്പുർ, ഷാജഹാൻപ്പുർ, പൽവൽ എന്നീ അതിർത്തികളിൽ നിന്നാണ് പരേഡ് തുടങ്ങുക. ഉച്ചയ്ക്ക് ഔദ്യോഗിക റിപ്പബ്ലിക് ദിന പരേഡിന് ശേഷമാണ് ട്രാക്ടർ റാലി. രാജ്യവ്യാപകമായും കിസാൻപരേഡുണ്ടാകും.
അതിനിടെ കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും പുതിയ സമരങ്ങൾ റദ്ദാക്കും വരെ പ്രതിഷേധം തുടരുമെന്നും സംയുക്ത കിസാൻമോർച്ച പ്രഖ്യാപിച്ചു.
ഇന്ന് നടക്കുന്ന ട്രാക്ടർ റാലിയിൽ രണ്ടുലക്ഷത്തിലേറെ പേർ പങ്കാളികളാകുമെന്നാണ് കർഷകനേതാക്കൾ അറിയിച്ചത്. ലക്ഷത്തിലധികം ട്രാക്ടറുകളും അണിനിരക്കും. പത്ത് കേന്ദ്രപ്രതിപക്ഷ ട്രേഡ് യൂണിയനുകളും ഇടത് പാർട്ടികളും ട്രാക്ടർ റാലിയെ പിന്തുണയ്ക്കുന്നുണ്ട്.
സിംഘു തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ നിന്നുള്ള പരേഡുകൾ ഡൽഹി നഗരത്തിനുള്ളിൽ പ്രവേശിക്കും. ഷാജഹാൻപ്പുരിൽ നിന്നുള്ള റാലി മനേസർ വഴി ഗുഡ്ഗാവ് വരെയും പൽവലിൽ നിന്നുള്ള റാലി ഡൽഹി അതിർത്തിയിലെ ബദർപ്പുരിലുമെത്തും.
സിംഘു, തിക്രി എന്നിവിടങ്ങളിൽ നിന്നുള്ള പരേഡുകൾ 60 കിലോമീറ്ററിലേറെ ഡൽഹിയ്ക്കുള്ളിൽ പ്രവേശിക്കും. നിശ്ചലദൃശ്യങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും പരേഡിന്റെ ഭാഗമാകും. തികച്ചും സമാധാനപൂർണമായിരിക്കും റാലിയെന്ന് കർഷകസംഘടനകൾ അറിയിച്ചു.
അതേസമയം നിയമങ്ങൾ മരവിപ്പിക്കാമെന്ന ഏറ്റവും മികച്ച വാഗ്ദാനമാണ് സമരക്കാർക്ക് പരസ്പരം ചർച്ച ചെയ്ത് സമരക്കാർ തീരുമാനമറിയിക്കുമെന്നു കരുതുന്നതായും കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ അറിയിച്ചു. അതിന് ശേഷം വീണ്ടും ചർച്ചനടക്കും.