തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൾക്കെതിരെ സോഷ്യൽ മീഡിയ വഴി അസഭ്യം പറഞ്ഞ പ്രവാസിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി ബിജെപി/യുവമോർച്ചക്കാർ. അജ്നാസ് അജ്നാസ് എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ഉടമയുടെ വീട്ടിലേക്കാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്. പാർട്ടി അദ്ധ്യക്ഷന്റെ മകൾക്കെതിരെ അജ്നാസ് മോശം പരാമർശം നടത്തിയെന്നും ഇക്കാര്യത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും ബിജെപി പ്രവർത്തകർ അജ്നാസിന്റെ പിതാവിനോട് പറഞ്ഞു.
'ഈ പ്രതികരണമൊന്നുമല്ല ഉണ്ടാകേണ്ടത്. അറിയാമല്ലോ, അതിനുള്ള ആള്‍ക്കാരും സംവിധാനവും ഇവിടെ തന്നെയുണ്ട്.'-എന്നും പാർട്ടി പ്രവർത്തകർ പ്രവാസിയുടെ പിതാവിനോട് പറഞ്ഞു. അജ്നാസിനെ തങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടെന്നും അവന് പറഞ്ഞത് താന്‍ അല്ല അങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്നാണ്. അവന് അല്ലെങ്കില്‍ കുഴപ്പമില്ലെന്നും ഇനി ആണെങ്കില്‍ നിയമപരമായും അല്ലാതെയും നേരിടുമെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു.
അജ്നാസ് അങ്ങേയറ്റം മോശമായ കാര്യമാണ് പറഞ്ഞതെന്നും ഒരിക്കൽ പ്രധാനമന്ത്രിയെയും അയാൾ അപമാനിച്ചിട്ടുണ്ടെന്നും പാർട്ടി പ്രവർത്തകർ പറഞ്ഞു. സംഭവത്തിൽ പ്രതികരണം നൽകണമെന്നും ഇവർ അജ്നാസിന്റെ പിതാവിനോട് ആവശ്യപ്പെട്ടു. ഇപ്പോൾ സമാധാനപരമായാണ് വീട്ടിലേക്ക് വന്നതെന്നും ഇനി അങ്ങനെയാകില്ല ഉണ്ടാകുകയെന്നും ബിജെപി/യുവമോർച്ചക്കാർ പിതാവിനോട് മുന്നറിയിപ്പെന്ന രീതിയിൽ പറഞ്ഞു.
ഖത്തറിൽ ജോലി ചെയ്യുന്ന അജ്നാസിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജിലും ബിജെപി അനുകൂലികൾ വ്യാപകമായി കമന്റുകളിടുന്നുണ്ട്. ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാജ്യത്തുനിന്നും പുറത്താക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്. കഴിഞ്ഞദിവസം കെ സുരേന്ദ്രന് ഫേസ്ബുക്കിലിട്ട ഫോട്ടോയ്ക്ക് കീഴിലാണ് അജ്നാസ് എന്നയാള്‍ അശ്ലീലപരാമര്‍ശം നടത്തിയത്. ഇയാൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ രംഗത്തെത്തിയിരുന്നു.