തിരുവനന്തപുരം: വിഴിഞ്ഞം തീരപ്രദേശം കേന്ദ്രീകരിച്ച് അനധികൃതമായി വിദേശമദ്യം വില്പന നടത്തിയ ആളിനെ പൊലീസ് പിടികൂടി. വിഴിഞ്ഞം പാലത്തറ പുരയിടത്തിൽ ജോൺസണിനെയാണ് (46) വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. ഇയാളിൽ നിന്നും ഏഴര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു. ഇയാൾ ബിവറേജ് ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങി ആവശ്യക്കാർക്ക് ചില്ലറ വില്പന നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ എസ്.ബി. പ്രവീണിന്റെ നേതൃത്വത്തിൽ എ.എസ്.ഐ സാബുചന്ദ്രൻ, സി.പി.ഒമാരായ പത്മകുമാർ, സുബാഷ്.എസ്. ശങ്കർ, അജികുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.