കാസർകോട്: സ്വകാര്യ ആശുപത്രിയിൽ സ്ത്രീയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് കാസർകോട് നഗരത്തിൽ മദ്ധ്യവയസ്കൻ മരിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിലൂടെ വർഗീയ വിദ്വേഷം സൃഷ്ടിക്കാൻ ശ്രമിച്ച യുവാവിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. അണങ്കൂർ കൊല്ലമ്പാടിയിലെ അബ്ദുൽ ഖാദർ എന്ന ഖാദർ കരിപ്പൊടിക്കെതിരെയാണ് 153 (എ) വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്തിയത്. ഉളിയത്തടുക്കയിലെ നൗഫലിന്റെ പരാതിയിലാണ് കേസെടുത്തത്. ചന്ദ്രഗിരി ജംഗ്ഷനിലെ യുവാവിന്റ ഓഫീസിൽ പൊലീസ് പരിശോധന നടത്തി, കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു. ടൗൺ ഇൻസ്പെക്ടർ പി. രാജേഷ്, എസ്.ഐ യു.പി. വിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം ചെമ്മനാട് സ്വദേശിയും ദേളിയിൽ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) ഓടിരക്ഷപ്പെടുന്നതിനിടെ വീണു മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് വിദ്വേഷമുണ്ടാക്കുന്ന വീഡിയോയുണ്ടാക്കി പ്രചരിപ്പിച്ചത്. മറ്റേതോ വീഡിയോ ദൃശ്യം സംഘടിപ്പിച്ച് കാസർകോട് നഗരത്തിലെ ആശുപത്രിക്കു മുമ്പിൽ നടന്നതായി ചിത്രീകരിച്ച് യുട്യൂബിൽ പ്രചരിപ്പിക്കുകയായിരുന്നു. ഉത്തരേന്ത്യയിലും യു.പിയിലും മറ്റും നടക്കുന്ന മോഡൽ ആൾക്കൂട്ട കൊലപാതകം എന്ന രീതിയിലാണ് മരണത്തെ ചിത്രീകരിച്ചതെന്നും ഇതിലൂടെ വർഗീയ വിദ്വേഷം സൃഷ്ടിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമിച്ചുവെന്നും ആരോപിച്ചാണ് പൊലീസ് കേസെടുത്തത്. മുഹമ്മദ് റഫീഖ് മരിച്ചത് ഹൃദയാഘാതം കാരണമാണെന്നും ആൾക്കൂട്ടത്തിന്റെ ആക്രമണം നടന്നതിന്റെ പരിക്കുകൾ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.