കൊച്ചി/പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മത്സരിക്കുന്നത് മഞ്ചേശ്വരത്തോ, കോന്നിയിലോ? അത് അറിയാനുള്ള ആകാംക്ഷയിലാണ് ഇരു മണ്ഡലത്തിലേയും പ്രവർത്തകർ. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്കാണ് മഞ്ചേശ്വരം സുരേന്ദ്രനിൽ നിന്ന് വഴുതിപ്പോയത്. ഇതേ തിരഞ്ഞെടുപ്പിൽ കോന്നിയിൽ ബി.ജെ.പി സ്ഥാനാർത്ഥി 16,713 വോട്ടു നേടിയ സ്ഥാനത്ത് ഉപതിരഞ്ഞെടുപ്പായപ്പോൾ കെ.സുരേന്ദ്രൻ നേടിയത് 39,786 വോട്ടുകൾ. അടൂർ പ്രകാശ് ആറ്റിങ്ങൽ പാർലമെന്റ് സീറ്റിലേക്ക് പോയതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. കെ.യു.ജനീഷ് കുമാറിനെ ഇറക്കി എൽ.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തെങ്കിലും സുരേന്ദ്രന്റെ കരുത്ത് ഏവർക്കും ബോധ്യമായി.
ശബരിമല വിഷയത്തിനു പിന്നാലെ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മത്സരിച്ച സുരേന്ദ്രന് കോന്നിയിൽ നിന്ന് 46064 വോട്ട് ലഭിച്ചിരുന്നു. രണ്ടാംസ്ഥാനത്ത് എത്തിയ വീണാ ജോർജുമായുള്ള വ്യത്യാസം 440 വോട്ടുമാത്രമായിരുന്നു.മഞ്ചേശ്വരം, കോന്നി മണ്ഡലം കമ്മിറ്റികൾ കെ. സുരേന്ദ്രൻ വീണ്ടും തങ്ങളുടെ മണ്ഡലങ്ങളിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോന്നി മണ്ഡലം പ്രവർത്തകരുടെ പഠന ശിബിരം കഴിഞ്ഞയാഴ്ച നടന്നതിന് പിന്നാലെ സുരേന്ദ്രൻ പ്രവർത്തനങ്ങൾ അവലോകനം ചെയ്തിരുന്നു. 30ന് പ്രധാന ഭാരവാഹികളുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. അതേസമയം, കേന്ദ്രസഹമന്ത്രി വി.മുരളീധരൻ കഴക്കൂട്ടത്ത് മത്സരിക്കാനെത്തിയാൽ സുരേന്ദ്രൻ സംഘടനാ നേതൃത്വത്തിൽ തുടരാനാണ് സാധ്യത. രണ്ട് പേരും മത്സരിച്ചാൽ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഏകോപനം കാര്യക്ഷമമാക്കാൻ കഴിയാതെ വരുമെന്ന അഭിപ്രായവും പാർട്ടി നേതൃത്വത്തിനുണ്ട്.താൻ ഉൾപ്പെടെ നേതാക്കൾ മത്സരിക്കുന്നത് ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് സുരേന്ദ്രൻ കേരളകൗമുദിയോട് പറഞ്ഞു.
ബി.ജെ.പിയുടെ സംസ്ഥാന നേതാവ് മത്സരിക്കുന്നില്ലെങ്കിൽ കോന്നി വേണമെന്ന് ബി.ഡി.ജെ.എസ് താൽപ്പര്യമറിയിച്ചിട്ടുണ്ട്. മണ്ഡലത്തിൽ 62 ശതമാനത്തോളമുണ്ട് ഇൗഴവ വോട്ടുകൾ.