തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൊവിഡ് രോഗികൾ ക്രമാതീതമായി റിപ്പോർട്ട് ചെയ്യാൻ കാരണം പുതുതായി ഉപയോഗിച്ച് തുടങ്ങിയ ആന്റിജൻ കിറ്റുകളുടെ കൃത്യതകുറവെന്ന് ആശങ്ക. ഇതോടെ പുതിയ കിറ്റുകൾ പിൻവലിക്കണമെന്നാണ് വിവിധ ജില്ലകളിലെ ആരോഗ്യവകുപ്പ് അധികൃതരുടെ ആവശ്യം. ആദ്യഘട്ടത്തിൽ എസ്.ഡി ബയോസെൻസർ എന്ന കിറ്റാണ് ഉപയോഗിച്ചിരുന്നത്. രാജ്യത്ത് ആദ്യം ഐ.സി.എം.ആർ അനുമതി നൽകിയ കിറ്റും ഇതാണ്. തെറ്റായ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാദ്ധ്യതയുണ്ടെങ്കിലും വ്യാപകമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ അടുത്തിടെ ആൽപൈൻ, ഓസ്ക്കാർ തുടങ്ങിയ കമ്പനികളുടെ കിറ്റും ഉപയോഗിക്കാൻ തുടങ്ങിയതോടെ തെറ്റായ പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്നുവെന്നാണ് ഒരുവിഭാഗം ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. കൊച്ചിയിൽ കഴിഞ്ഞ ദിവസം ആന്റിജൻ പോസിറ്റീവായ രോഗിയെ മറ്റൊരു ആന്റിജൻ കിറ്റ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ നെഗറ്റീവായി. അന്നേദിവസം പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴും നെഗറ്റീവാണെന്ന് ഉറപ്പിച്ചു. ആദ്യഘട്ടത്തിൽ പരിമിതമായ എണ്ണം ആന്റിജൻ കിറ്റുകൾക്ക് മാത്രമാണ് ഐ.സി.എം.ആർ അംഗീകാരം നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ 18കമ്പനികളുടെ കിറ്റിനാണ് രാജ്യത്ത് അംഗീകാരമുള്ളത്. ഇതിൽ ഭൂരിഭാഗം കിറ്റുകളും മുൻപരിചയമില്ലാത്ത കമ്പനികളുടേതാണ്.
ആർ.ടി.പി.സി.ആർ ആശ്രയം
കൊവിഡ് റിപ്പോർട്ട് ചെയ്ത് ഒരുവർഷത്തോളമാകുന്ന സാഹചര്യത്തിൽ ഇനി കൂടുതലായി ആർ.ടി.പി.സി.ആർ ടെസ്റ്റിനെ ആശ്രയിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മറ്റ് സംസ്ഥാനങ്ങൾ ആന്റിജൻ ടെസ്റ്റ് കുറച്ച് ആർ.ടി.പി.സി.ആർ വർദ്ധിപ്പിച്ചു കഴിഞ്ഞു.
' കൃത്യത കുറഞ്ഞ കിറ്റുകൾ ഉപയോഗിക്കുന്നത് തെറ്റായ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന് കാരണമാകും. പുതിയ കിറ്റുകൾ ഉപയോഗിക്കുന്നതിൽ ജാഗ്രതവേണം.'
-ഡോ.പത്മനാഭഷേണായി
റുമറ്റോളജിസ്റ്റ്