മാള: കേരളം മുഴുവൻ വഞ്ചിയിൽ ചുറ്റി ചരിത്രം കുറിക്കാനൊരുങ്ങുകയാണ് മകനും അച്ഛനും. പുഴയെ പഠിക്കുക, പുഴയോര കാഴ്ചകൾ പകർത്തുകയെന്നതാണ് പൊയ്യ സ്വദേശി ആശാരിപ്പറമ്പിൽ അഭിജിത്തും അച്ഛൻ ഭരതനും ചേർന്ന് ആരംഭിക്കുന്ന യാത്രയുടെ ലക്ഷ്യം. ഈ മാസം അവസാനം യാത്ര തുടങ്ങും.
അഞ്ച് മാസം മുമ്പാണ് ഈ വേറിട്ട ആശയം 25 കാരനായ അഭിജിത്തിന്റെ മനസിലേക്കെത്തുന്നത്. അച്ഛനോടാണ് ആദ്യം ആശയം പങ്കുവച്ചത്. മൂന്ന് മാസം മുമ്പ് വഞ്ചിയുടെ പണി തുടങ്ങി. വാടകയ്ക്ക് വഞ്ചിയെടുക്കാമെന്ന് പദ്ധതിയിട്ടെങ്കിലും ലഭിച്ചില്ല. തുടർന്നാണ് സ്വന്തമായി വഞ്ചി വാങ്ങി സജ്ജീകരണം ഒരുക്കിയത്. ആകെയുള്ള അഞ്ച് സെന്റ് സ്ഥലവും പുരയിടവും പണയപ്പെടുത്തി ഇതിനായി ഒന്നര ലക്ഷം രൂപ സമാഹരിച്ചു.
ഇത് കൂടാതെ ദിവസവും ഇന്ധനത്തിനായി പ്രതീക്ഷിക്കുന്ന ചെലവ് 400 രൂപ അടക്കം ഭക്ഷണത്തിനുൾപ്പെടെ എഴുന്നൂറോളം രൂപ ചെലവ് വരും. പുഴ അവസാനിക്കുമ്പോൾ അടുത്ത സ്ഥലത്തേക്ക് വഞ്ചി വാഹനത്തിൽ കയറ്റി കൊണ്ടുപോകാനുള്ള ചെലവ് വേറെ വരും. പകൽ സമയത്ത് യാത്രയും രാത്രിയോടെ മത്സ്യബന്ധനവും നടത്താനാണ് തീരുമാനം. മത്സ്യം വിറ്റ് 1000 രൂപ വരെ സമാഹരിക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ.
അരയ സമുദായക്കാരനായ ഭരതന് മത്സ്യബന്ധനമാണ്. അഭിജിത്ത് അച്ഛനെ സഹായിക്കുന്നതോടൊപ്പം ആൽബം എഡിറ്റിംഗും നിർവഹിക്കുന്നുണ്ട്. പൊയ്യയിൽ നിന്ന് കൊല്ലം വരെ തുടർച്ചയായി പോകാനുള്ള മാർഗം കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് തിരുവനന്തപുരത്തേക്കും പോകും. മറ്റു പുഴകളും കായലുകളും ചാലുകളും സംബന്ധിച്ച് അന്വേഷണത്തിലാണ്. 30 ദിവസത്തെ യാത്രയാണ് പദ്ധതിയിലുള്ളത്. ധന്യയാണ് അഭിജിത്തിന്റെ ഭാര്യ. അമ്മ: രജനി.
വഞ്ചിയിലെ സൗകര്യങ്ങൾ ഇങ്ങനെ
വ്യത്യസ്തമായ ആശയത്തിന് ആദ്യം പിന്തുണ നൽകി ആകെയുള്ള സ്വത്ത് പണയം വച്ച് പണം കണ്ടെത്തിയ അച്ഛന്റെ പേര് തന്നെയാണ് വഞ്ചിക്ക് നൽകിയത്. ഭാര്യ ധന്യയും അമ്മയും പിന്തുണയുമായെത്തിയതോടെയാണ് ആശയത്തിന് ജീവൻ വച്ചു. നെറ്റിൽ പരിശോധിച്ചപ്പോൾ ഇന്ത്യയിൽ ആരും ഇത്തരം യാത്ര നടത്തിയിട്ടില്ലെന്ന് മനസിലായി. യാത്രയുടെ വിവരം സ്വന്തം യൂ ട്യൂബ് ചാനലിലൂടെ ദൃശ്യങ്ങൾ സഹിതം നൽകും. വരുമാന മാർഗമായ മത്സ്യബന്ധനത്തിലൂടെ ഭാഗ്യം കടാക്ഷിച്ചാൽ കടബാദ്ധ്യത അത്രയും കുറയും.
അഭിജിത്ത്.