മസ്കറ്റ്: ഒമാനിൽ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണ നടപടികൾ വ്യാപിപ്പിച്ചു. ആറു മേഖലകളിലെ ഫിനാൻസ്, അക്കൗണ്ടിഗ് ജോലികളിലാണ് ഏറ്റവും പുതിയതായി വിദേശികൾക്ക് വിസവിലക്ക് ഏർപ്പെടുത്തിയത്. ഇൻഷ്വറൻസ് കമ്പനികളിലെയും ഇൻഷ്വറൻസ് ബ്രോക്കറേജ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളിലെയും ഫിനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റിവ് തസ്തികകളാണ് സ്വദേശിവത്കരണം ഏർപ്പെടുത്തിയത്. ഷോപ്പിഗ് മാളുകൾക്കുള്ളിലെ സ്ഥാപനങ്ങളിലെ വിൽപന, അക്കൗണ്ടിഗ്, മണി എക്സ്ചേഞ്ച്, അഡ്മിനിസ്ട്രേഷൻ, സാധനങ്ങൾ തരംതിരിക്കൽ തുടങ്ങിയ ജോലികൾ, വാഹന ഏജൻസികളിലെ അക്കൗണ്ട് ഓഡിറ്റിഗ് തസ്തിക, പഴയതും പുതിയതുമായ വാഹനങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട എല്ലാ തസ്തികകൾ എന്നിവയും സ്വദേശിവത്കരിച്ചിട്ടുണ്ടെന്ന് മന്ത്രിതല ഉത്തരവിൽ പറയുന്നു. മലയാളികളെ കാര്യമായിതന്നെ ബാധിക്കുന്നതാണ് പുതിയ സ്വദേശിവത്കരണം.. ഇൻഷ്വറൻസ് കമ്പനികളിലും ഇൻഷ്വറൻസ് ബ്രോക്കറേജ് രംഗത്തും ഇതിനകം 80 ശതമാനത്തോളം സ്വദേശിവത്കരണം നടന്നുകഴിഞ്ഞു.