തിരുവനന്തപുരം: തിരഞ്ഞെടുപ്പിനെ താൻ തന്നെ നയിക്കണമെന്നാണ് ഹൈക്കമാൻഡ് തീരുമാനമെന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. കെ പി സി സി അദ്ധ്യക്ഷനായി തുടരുമെന്നും ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിൽക്കാനാകില്ലെന്നും മുല്ലപ്പളളി പറഞ്ഞു. താൻ മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുമുഖങ്ങൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം കൊടുക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേത്. സ്ഥാനാർത്ഥി നിർണയം യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും. മറ്റൊരു മാനദണ്ഡവും നോക്കില്ലെന്നും മുല്ലപ്പളളി പറഞ്ഞു, എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നു അദ്ദേഹം.
കേരളത്തിനെ രക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുളളൂ. അതിനായി പാർട്ടിയെ ബൂത്ത് തലത്തിൽ ശക്തിപ്പെടുത്തണം. സോളാർ ഫയലുകളിൽ അഞ്ച് വർഷമായി സർക്കാർ അടയിരിക്കുകയായിരുന്നു. എന്തുകൊണ്ട് അഞ്ച് വർഷമായിട്ടും അന്വേഷിക്കാൻ പറ്റിയില്ല. എപ്പോഴാണ് മുഖ്യമന്ത്രിക്ക് സി ബി ഐയോട് സ്നേഹം വന്നതെന്നും മുല്ലപ്പളളി ചോദിച്ചു.
സി പി എമ്മും ബി ജെ പിയും പരസ്യ ധാരണയിലേക്ക് പോലുമെത്തിയെന്നും മുല്ലപ്പളളി വിമർശിച്ചു. തില്ലങ്കേരിയിലെ തിരഞ്ഞെടുപ്പ് അത് സൂചിപ്പിക്കുന്നു. തില്ലങ്കേരി ആവർത്തിക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും മുല്ലപ്പളളി പറഞ്ഞു. യുവാക്കളോട് നീതി പുലർത്താൻ സർക്കാരിനായില്ലെന്നും പി എസ് സി യിൽ പുറം വാതിൽ നിയമനം നൽകി അവരെ വഞ്ചിച്ചുവെന്നും മുല്ലപ്പളളി കുറ്റപ്പെടുത്തി.