ന്യൂഡൽഹി: റിപ്പബ്ളിക് ദിനത്തിൽ ഡൽഹിയിലേക്ക് കർഷകർ നടത്തിയ മാർച്ചിൽ വ്യാപക സംഘർഷവും അക്രമവും. സമരത്തെ നേരിടാൻ കടുത്ത പ്രതിരോധ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇന്റർനെറ്റ് വിച്ഛേദിച്ചാണ് കേന്ദ്രത്തിന്റെ മറുപടി. കർഷകസമരം നടക്കുന്ന സ്ഥലങ്ങളിലാണ് ഇന്റർനെറ്റ് വിച്ഛേദിച്ചത്. സിംഗു, തിക്രി, ഗാസിപൂർ അതിർത്തി മേഖലകളിൽ ഇപ്പോൾ ഇന്റർനെറ്റ് സേവനമില്ല. അതേസമയം, ചെങ്കോട്ട ഇപ്പോഴും സമരക്കാരുടെ നിയന്ത്രണത്തിലാണ്.
തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗതം നിരോധിക്കുകയും മെട്രോ സ്റ്റേഷനുകൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. എൻ എച്ച് 44, ജി ടി കെ റോഡ്, ഔട്ടർ റിംഗ് റോഡ്, സിഗ്നേചർ ബ്രിഡ്ജ്, ജി ടി റോഡ്, ഐ എസ് ബി ടി റിംഗ് റോഡ്, വികാസ് മാർഗ്, ഐ ടി ഒ,എൻ എച്ച് 24, നിസാമുദ്ദിൻ ഖത്ത, നോയിഡ ലിങ്ക് റോഡ് എന്നിവിടങ്ങളിലെ ഗതാഗതമാണ് നിരോധിച്ചത്.
ഡൽഹിയുടെ ഹൃദയഭാഗമായ ഐ ടി ഒയിലും പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും സമരക്കാർ എത്തി. ഇതിനിടെ, അക്രമികളെ തളളിപ്പറഞ്ഞ് സമരസമിതി രംഗത്തെത്തി. വിലക്ക് ലംഘിച്ചത് ബി കെ യു, കിസാൻ മസ്ദൂർ സംഘ് തുടങ്ങി സംഘടനകളാണ്. ഇവരുമായി ബന്ധമില്ലെന്ന് കർഷകരുടെ സംയുക്തസമരസമിതി പറഞ്ഞു.
ചെങ്കോട്ട ഇപ്പോഴും പ്രതിഷേധക്കാരുടെ നിയന്ത്രണത്തിലാണ്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനുളള നടപടി പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഐ ടി ഒയിലുണ്ടായ സംഘർഷത്തിൽ ഒരു കർഷകൻ കൊല്ലപ്പെട്ടു. ഡൽഹി പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് കർഷകൻ കൊല്ലപ്പെട്ടതെന്ന് കർഷകർ ആരോപിക്കുമ്പോൾ ട്രാക്ടർ മറിഞ്ഞാണ് ഇയാൾ മരിച്ചതെന്നും പൊലീസ് വെടിവയ്പ്പ് നടത്തിയിട്ടില്ലെന്നുമാണ് ഡൽഹി പൊലീസിന്റെ വിശദീകരണം.
അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആർക്ക് ക്ഷതമേറ്റാലും രാജ്യത്തിന് മാത്രമാണ് നഷ്ടമെന്നും രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിന്റെ നന്മയ്ക്കായി കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
हिंसा किसी समस्या का हल नहीं है। चोट किसी को भी लगे, नुक़सान हमारे देश का ही होगा।
देशहित के लिए कृषि-विरोधी क़ानून वापस लो!— Rahul Gandhi (@RahulGandhi) January 26, 2021