ന്യൂഡൽഹി: ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് തലസ്ഥാനത്തുണ്ടായ സംഘർഷത്തിൽ ഇരുപത്തിരണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ്. ഇന്നലെ ഉണ്ടായ സംഘർഷത്തിൽ 83 പൊലീസുകാർക്ക് പരിക്കേറ്റതായും ഡൽഹി പൊലീസ് അറിയിച്ചു. മുകർബ ചൗക്, ഗാസിപുർ, ഡൽഹി ഐ ടി ഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിർത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പൊലീസുകാർക്ക് പരിക്കേറ്റത്. തിക്രിയിലും ഗാസിപുരിലും പ്രതിഷേധക്കാർ ബാരിക്കേഡ് തകർത്തുവെന്നും പൊലീസ് പറയുന്നു. അതേസമയം, ചെങ്കോട്ടയിൽ പ്രതിഷേധക്കാരെ പൊലീസ് കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ എ എൻ ഐ പുറത്തുവിട്ടിട്ടുണ്ട്
എട്ട് ബസുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചെങ്കോട്ടയിൽ സിഖ് മതവിഭാഗക്കാരുടെ കൊടി നാട്ടിയ സംഭവത്തിൽ ഇന്റലിജൻസ് ഏജൻസികളും ഡൽഹി പൊലീസും അന്വേഷണം ആരംഭിച്ചു. ഒരു സമരക്കാരൻ ദേശീയ പതാക തറയിലേക്ക് വലിച്ചെറിയുന്നതിന്റെ വീഡിയോയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ആധികാരികത പരിശോധിക്കാൻ ഫോറൻസിക് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
What the hell is this going?
A farmer climbed upon the pole to put flag, one gave him our national flag and see what he did?? pic.twitter.com/8CFHEK1pnU— Rohit Sharma (@sharo_hit) January 26, 2021
ഇന്നലെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലും ചെങ്കോട്ട പരിസരത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുളളത്. ചെങ്കോട്ടയ്ക്ക് സമീപം അർദ്ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. അതീവ സുരക്ഷാ മേഖലകളിലേക്ക് പ്രവേശനം തടഞ്ഞിരിക്കുകയാണ്. ചെങ്കോട്ടയിൽ അതിക്രമിച്ചു കയറിയവർക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം.
Delhi: Vehicles vandalised at Nangloi-Najafgarh Road during the farmers' tractor rally yesterday (26.01.2021) pic.twitter.com/mJGcCsi1vf
— ANI (@ANI) January 26, 2021
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി സംഘർഷത്തിലേക്ക് വഴി മാറിയതിന് കാരണം ഡൽഹി പൊലീസാണെന്ന ആരോപണവുമായി കർഷക സംഘടനകൾ രംഗത്തെത്തി. കർഷക റാലിയുടെ ആസൂത്രണം പാളി. ചെങ്കോട്ടയിൽ പതാക ഉയർത്തിയ ആൾക്ക് കർഷകരുമായി ബന്ധമില്ല. ബാഹ്യ ശക്തികളും സാമൂഹ്യ വിരുദ്ധരുമാണ് ആക്രമണം അഴിച്ചു വിട്ടതെന്നും സംയുക്ത കിസാൻ മോർച്ച നേതാക്കൾ വ്യക്തമാക്കി.