പാരീസ് : ഗ്രാമപ്രദേശങ്ങളിലെ ' ഇന്ദ്രിയ സംബന്ധമായ പൈതൃകം ' സംരക്ഷിക്കുന്നതിന് നിയമം പാസാക്കി ഫ്രാൻസ്. ഗ്രാമപ്രദേശങ്ങളിലെ ശബ്ദങ്ങളെയും ഗന്ധത്തെയും പറ്റിയുള്ള പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഗ്രാമീണ മേഖലകളിൽ കണ്ടുവരുന്ന പക്ഷികളുടെ കരച്ചിലും മറ്റ് ശബ്ദവും സ്വാഭാവികമായ ഗന്ധവും തങ്ങൾക്ക് ശല്യമാകുന്നുവെന്ന പേരിൽ അയൽക്കാർക്കിടെയിൽ അഭിപ്രായഭിന്നതകളുണ്ടാവുകയും ഇത് കോടതി കേസിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യം തടയുന്നതിന് പുതിയ നിയമം ഫലപ്രദമാകുമെന്ന് അധികൃതർ പറയുന്നു.
നഗരത്തിൽ നിന്ന് ഗ്രാമങ്ങളിലേക്ക് താമസിക്കാൻ വരുന്നവരാണ് പ്രധാനമായും പരാതിയുന്നയിച്ചിരുന്നത്. പരമ്പരാഗതമായി ഗ്രാമങ്ങളിൽ കഴിഞ്ഞുവരുന്നവർ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു.
ഇത്തരത്തിൽ, ഫ്രഞ്ച് ഗ്രാമത്തിൽ, പുലർച്ചെ നിർത്താതെ കൂവുന്ന ഒരു കോഴിയ്ക്കെതിരെയുള്ള പരാതി ഫ്രഞ്ച് കോടതിയിൽ വരെ എത്തിയിരുന്നു. 2019 സെപ്റ്റംബറിലാണ് അപൂർവങ്ങളിൽ അപൂവമായ ഈ സംഭവം നടന്നത്. ഫ്രാൻസിലെ ഐൽ ഒഫ് ഒലേറോണിൽ അയൽവീട്ടിൽ വളർത്തിയിരുന്നു മൗറിസ് എന്ന പൂവൻ കോഴിയ്ക്കെതിരെ ഒരു വൃദ്ധ ദമ്പതികളാണ് പരാതി നൽകിയത്.
സദാസമയവും കൂവുന്ന മൗറിസിന്റെ ശബ്ദം കാരണം തങ്ങൾക്ക് സ്വൈരമില്ലെന്നായിരുന്നു ഇവരുടെ ആരോപണം. നഗരത്തിൽ നിന്ന് ഒലേറോണിലുള്ള തങ്ങളുടെ വസതിയിൽ അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു ഈ വൃദ്ധ ദമ്പതികൾ. മൗറിസിന്റെ കൂവൽ ' ശബ്ദ മലിനീകരണത്തിന് ' വരെ കാരണമാകുന്നുവെന്ന വിചിത്ര വാദമാണ് അവർ മുന്നോട്ട് വച്ചത്.
കോടതി കേസ് പരിഗണിച്ചു. ഗ്രാമീണാന്തരീക്ഷമുള്ള ഒലേറോണിൽ കോഴി കൂവുന്നതൊക്കെ സാധാരണമാണെന്നും നഗര പ്രദേശത്ത് നിന്ന് എത്തുന്നവർക്ക് ഇതൊന്നും മനസിലാകില്ലെന്നും വാദിച്ച പ്രദേശവാസികൾ മൗറിസിനായി ജനകീയ പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടു. മൗറിസ് ഉൾപ്പെടെയുള്ള ജീവി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാനും അവയുടെ സുരക്ഷയ്ക്കുമായി പരാതികൾ കോടതിയുടെ മുന്നിലെത്തി.
ഒടുവിൽ, കോഴി കൂവുകയല്ലാതെ പിന്നെന്ത് ചെയ്യണമെന്നും കൂവൽ നിറുത്താൻ നമുക്ക് ഒന്നും ചെയ്യാനാകില്ലെന്നും ഉത്തരവിട്ട കോടതി പ്രകൃതിയിലെ സ്വാഭാവിക ശബ്ദങ്ങളോ ചലനങ്ങളോ ഇല്ലാതാക്കാൻ മനുഷ്യർക്ക് യാതൊരു അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി. അങ്ങനെ കേസിൽ മൗറിസും ഗ്രാമീണരും വിജയിച്ചു.
കഴിഞ്ഞ മേയ് മാസത്തിൽ തന്റെ ആറാം വയസിൽ മൗറിസ് ലോകത്തോട് വിട പറഞ്ഞിരുന്നു. ഗ്രാമീണ ജീവിതത്തിന്റെ പ്രതീകമായി മാറിയ മൗറിസിനോടുള്ള മരണാനന്തര ആദരസൂചകമായാണ് പുതിയ നിയമം സമർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറിലും ഫ്രാൻസിൽ സമാനമായ സംഭവമുണ്ടായിരുന്നു. ഫ്രാൻസിലെ ബോർഡോയ്ക്ക് 70 മൈൽ കിഴക്ക് സ്ഥിതി ചെയ്യുന്ന ഗ്രിഗ്നോൾസ് ഗ്രാമത്തിൽ സ്വകാര്യ വ്യക്തിയുടെ വസ്തുവിലുള്ള കുളത്തിലെ തവളകളുടെ ശബ്ദം ശല്യമെന്ന് ചൂണ്ടിക്കാട്ടി അയൽക്കാർ പരാതി നൽകുകയും കുളം വറ്റിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.