കൊല്ലം: നാല് ദിവസം മുമ്പ് തീപിടിത്തമുണ്ടായ കൊല്ലം മുളങ്കാടകം ദേവീക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ കവർച്ച. കാണിക്ക വഞ്ചി പൊളിച്ച് പണം അപഹരിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് മോഷണം നടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ക്ഷേത്രത്തിനകത്ത് കടന്ന മോഷ്ടാവ് ചുറ്റികകൊണ്ട് വഞ്ചിയുടെ പൂട്ട് തല്ലി പൊളിക്കുകയായിരുന്നു. വഞ്ചിയിലുണ്ടായിരുന്ന നോട്ടുകൾ അപഹരിക്കുകയും നാണയങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു. രാവിലെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. 23ന് പുലർച്ചെ ക്ഷേത്രത്തിൽ വൻ അഗ്നിബാധയുണ്ടായിരുന്നു.
ക്ഷേത്ര വേതാളിപ്പുറവും ചുറ്റമ്പലത്തിന്റെ ഭാഗങ്ങളും അഗ്നിക്കിരയായി. ഇതേത്തുടർന്ന് ജില്ലാ കളക്ടർ ബി.അബ്ദുൾ നാസറടക്കം ക്ഷേത്രത്തിൽ എത്തിയിരുന്നു. തീപിടിത്തത്തെതുടർന്ന് ക്ഷേത്രത്തിൽ രാത്രി സുരക്ഷയ്ക്ക് സെക്യൂരിറ്റിയെ നിയോഗിച്ചുവെങ്കിലും പ്രയോജനമുണ്ടായില്ല. സെക്യൂരിറ്റി ഉറങ്ങിക്കിടന്നപ്പോഴാണ് മോഷ്ടാവെത്തി വഞ്ചി തകർത്ത് പണം അപഹരിച്ചത്. കൊല്ലം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തും. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഒരാൾ മാത്രമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മോഷ്ടാവിനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ഉടനെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതായും അന്വേഷണസംഘം വെളിപ്പെടുത്തി.
ആയിരം വർഷത്തിലധികം പഴക്കമുള്ള മുളങ്കാടകം ക്ഷേത്രം പൂർണമായും തടിയിലും ഓടിലുമാണ് നിർമ്മിച്ചിട്ടുള്ളത്. തീ പിടിത്തവും മോഷണവും നടന്നതിനാൽ ക്ഷേത്രത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ ക്ഷേത്ര ഭാരവാഹികൾക്ക് നിർദേശം നൽകിയതായി പൊലീസ് പറഞ്ഞു. ക്ഷേത്രത്തിന്റെ പരിസരത്ത് ഇന്ന് മുതൽ രാത്രി കാല പൊലീസ് നിരീക്ഷണം ശക്തമാക്കിയതായി കൊല്ലം അസി.കമ്മിഷണർ പ്രദീപ് കുമാർ അറിയിച്ചു.
പെരുമ്പുഴയിലും കാണിക്കവഞ്ചി തകർത്ത് മോഷണം
കൊല്ലം: കുണ്ടറ പെരുമ്പുഴയിലും ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് പണം കവർന്നു. പെരുമ്പുഴ വായനശാലാ ജംഗ്ഷന് സമീപം ആണിപ്പള്ളിൽ ഭദ്രകാളി ക്ഷേത്രത്തിന് മുന്നിലെ കാണിക്ക വഞ്ചിയാണ് കവർന്നത്. തിങ്കളാഴ്ച രാവിലെയാണ് ക്ഷേത്രം ഭാരവാഹികൾ മോഷണ വിവരമറിയുന്നത്. കുണ്ടറ പൊലീസ് കേസെടുത്തു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് വെളിപ്പെടുത്തി.ഷാഡോ ടീമിന്റെ സഹായത്തോടെ അന്വേഷണം ശക്തമാക്കിയതായി കുണ്ടറ പൊലീസ് അറിയിച്ചു.