ഔറംഗാബാദ്: 'ഒരുപാട് പ്രയാസങ്ങളിലൂടെ ഇക്കാലമത്രയും ഞാൻ കടന്നുപോയി. പാകിസ്ഥാനിൽ വച്ച് എന്നെ ബലമായി ജയിലിലടയ്ക്കുകയയാരുന്നു. ഇപ്പോൾ സ്വർഗത്തിലെത്തിയ പ്രതീതിയാണെനിക്ക്' അറുപത്തഞ്ചുകാരിയായ ഹസീന ബീഗത്തിന്റെ കണ്ണിൽ ഇതുപറയുമ്പോൾ സന്തോഷാശ്രു പൊടിയുന്നുണ്ടായിരുന്നു. 18 വർഷങ്ങൾക്ക് മുൻപ് തന്റെ ഭർത്താവിന്റെ ബന്ധുക്കളെ കാണാൻ മഹാരാഷ്ട്രയിൽ നിന്ന് പാകിസ്ഥാനിnz ലാഹോറിലേക്ക് പോയതാണ് ഹസീന ബീഗം. എന്നാൽ അവിടെവച്ച് പാസ്പോർട്ട് കൈമോശം വന്നു. തുടർന്ന് പാക് പൊലീസിന്റെ കൈയിലകപ്പെട്ട ഹസീന ബീഗത്തെ ബലമായി അവർ ജയിലിലടച്ചു. ആ ജയിൽ വാസം 18 വർഷം നീണ്ടു. ഇക്കാലമത്രയും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പുറത്തുവിടണമെന്നും ഹസീന അപേക്ഷിച്ചുകൊണ്ടിരുന്നു.
ഇതിനിടെ ഹസീനയുടെ നാടായ മഹാരാഷ്ട്രയിലെ ഔറംഗാബാദ് പൊലീസ് ഇവരെ കാണ്മാനില്ല എന്നുകാട്ടി നോട്ടീസ് പുറപ്പെടുവിച്ചു. പാകിസ്ഥാൻ അധികൃതർക്ക് ഹസീനയെ സംബന്ധിച്ച് റിപ്പോർട്ട് ഔറംഗാബാദ് പൊലീസ് നൽകി. തുടർന്നാണ് റിപബ്ളിക് ദിനത്തിൽ ഹസീന ജയിൽ മോചിതയായി നാട്ടിലെത്തിയത്. തിരികെ എത്തിയ ഇവരെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. ഉത്തർപ്രദേശിലെ സഹറാൻപൂർ സ്വദേശിയായ ഹസീനയുടെ ഭർത്താവ് ദിൽഷാദ് മുഹമ്മദിന്റെ ചില ബന്ധുക്കൾ പാകിസ്ഥാനിലുണ്ട്. ഇവിടെ പോയപ്പോഴാണ് ഇവർ അറസ്റ്റിലായത്.
ജനുവരി ഒന്നിന് തടവുകാരെ കൈമാറ്റം ചെയ്യുന്ന വ്യവസ്ഥ പ്രകാരം ഇന്ത്യ പാകിസ്ഥാന്റെ 263 പൗരന്മാരെയും 77 മത്സ്യ തൊഴിലാളികളെയും ജയിൽമോചിതരാക്കി. പാകിസ്ഥാനിൽ നിന്ന് ഹസീന ഉൾപ്പടെ 49 പൗരന്മാരെയും 270 മത്സ്യ തൊഴിലാളികളെയും മോചിപ്പിച്ചു. ഇവർ കഴിഞ്ഞ ദിവസം അതാത് രാജ്യങ്ങളിൽ മടങ്ങിയെത്തി.