കോഴിക്കോട്: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ വിശദീകരണവുമായി ആരോപണ വിധേയനായ അജ്നാസ്. തന്റെ പേരിലുളള വ്യാജ വിലാസത്തിൽ നിന്നാണ് കമന്റ് വന്നതെന്ന് അജ്നാസ് പറഞ്ഞു. ഇക്കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നും അജ്നാസ് വ്യക്തമാക്കി.
ഇതിനുളള തെളിവുകൾ തന്റെ പക്കലുണ്ട്. സംഭവത്തിൽ പിതാവ് ക്ഷമാപണം നടത്തിയ വാർത്ത തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട് ഖത്തർ പൊലീസിനും സൈബർ പൊലീസിനും ഇന്ത്യൻ എംബസിക്കും പരാതി നൽകുമെന്നും അജ്നാസ് പറഞ്ഞു. കഴിഞ്ഞദിവസം കെ സുരേന്ദ്രൻ ഫേസ്ബുക്കിലിട്ട മകൾക്കൊപ്പമുളള ഫോട്ടോയ്ക്ക് താഴെയാണ് അജ്നാസ് അശ്ലീലപരാമർശം നടത്തിയത്.
സംഭവം വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുളളവർ സംഭവത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെ അജ്നാസിന്റെ വീട്ടിലേക്ക് ബി ജെ പി പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പിതാവിന് താക്കീത് നൽകിയാണ് ബി ജെ പി പ്രവർത്തകർ മടങ്ങിയത്.
‘ഈ പ്രതികരണമൊന്നുമല്ല ഉണ്ടാകേണ്ടത്. അറിയാല്ലോ, അതിനുളള ആൾക്കാരും സംവിധാനവും ഇവിടെ തന്നെയുണ്ടാവും.’ എന്നായിരുന്നു ബി ജെ പി പ്രവർത്തകർ പറഞ്ഞത്. അജ്നാസിനെ തങ്ങൾ ഫോണിൽ ബന്ധപ്പെട്ടെന്നും അവൻ പറഞ്ഞത് താൻ അല്ല, അങ്ങനെയൊരു പരാമർശം നടത്തിയതെന്നുമാണ്. അവൻ അല്ലെങ്കിൽ കുഴപ്പമില്ല. ആണെങ്കിൽ നിയമപരമായും അല്ലാതെയും നേരിടുമെന്നും ബി ജെ പി പ്രവർത്തകർ മുന്നറിയിപ്പായി പറഞ്ഞിരുന്നു.