കൊച്ചി: വിദേശത്തേക്ക് ഡോളർ കടത്തിയതിന് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കോടതി റിമാൻഡ് ചെയ്തു. അടുത്ത മാസം ഒമ്പതു വരെയാണ് റിമാൻഡ് ചെയ്തത്. വീഡിയോ കോൺഫറൻസ് വഴിയാണ് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയത്.
അതേസമയം, കേസിൽ എം ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചു. അടുത്ത തിങ്കളാഴ്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും. കസ്റ്റംസിന്റെ സ്വർണക്കടത്ത് കേസിലും ഇ ഡിയുടെ കളളപ്പണ കേസിലും ജാമ്യം ലഭിച്ച ശിവശങ്കറിന് ഡോളർ കടത്തിലും ജാമ്യം ലഭിച്ചാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാം.ഒന്നരക്കോടി രൂപയുടെ ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ഡോളർ കടത്ത് കേസിൽ കഴിഞ്ഞ ആഴ്ചയാണ് എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി.
യു എ ഇ കോൺസുലേറ്റിന്റെ മുൻ ചീഫ് അക്കൗണ്ട് ഓഫീസർ ഖാലിദ് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് കസ്റ്റംസിന്റെ നിർണായക നടപടികൾ. 1.5 കോടി രൂപയുടെ ഡോളർ കടത്തിയ കേസിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് കസ്റ്റംസ് ആരോപിക്കുന്നു. ഇദ്ദേഹത്തിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് വാദിക്കുന്നു.