ആലുവ: ലോക്ക്ഡൗണിനു ശേഷം വിനോദസഞ്ചാര മേഖലകൾ സജീവമായതോടെ യുവാക്കളായ സഞ്ചരികൾക്ക് 'ഉണർവേകാൻ' മയക്കുമരുന്ന് മാഫിയകളും രംഗത്ത്. വിനോദ സഞ്ചാര മേഖലകളെ ലക്ഷ്യമിട്ട് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വില്പന നടത്തുന്നതിനായി ആലുവയിൽ എത്തിച്ച മാരകമായക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേർ ആലുവ എക്സൈസിന്റെ പിടിയിലായി.
കൊച്ചി പള്ളുരുത്തി സ്വദേശികളായ ഷിനാസ് (22), സുധീഷ് (22) എന്നിവരെയാണ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും സംഘവും പിടികൂടിയത്. പ്രതികളിൽ നിന്നും വിപണിയിൽ അഞ്ച് ലക്ഷം വിലമതിക്കുന്ന മാരക മയക്കുമരുന്നാണ് പിടികൂടിയത്. കർണാടകയിൽ നിന്നും വാങ്ങി കേരളത്തിലെ പ്രധാന വിനോദ സഞ്ചാര മേഖലകളെ ലക്ഷ്യമിട്ടാണ് ഇവർ വില്പന നടത്തി വന്നത്. കോളേജ് വിദ്യാർത്ഥികളും യുവാക്കളുമാണ് ഇവരുടെ പ്രധാന ഉപയോക്താക്കൾ. രണ്ട് ഗ്രാമം വീതമുള്ള ചെറുപൊതികളാക്കി പൊതി ഒന്നിന് അയ്യായിരം രൂപ മുതൽ ഏഴാംയിരം രൂപവരെ ഇടാക്കിയാണ് വില്പന.
ആലുവ, അങ്കമാലി, കാലടി തുടങ്ങിയ വിനോദ സഞ്ചാരമേഖലകളിൽ എത്തിച്ചേരുന്നവരെയാണ് ഇവർ വില്പനക്കായി ലക്ഷ്യമിടുന്നത്. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ ഇത്തരത്തിലുള്ള നിരവധി കേസുകളാണ് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ കണ്ടെടുത്തിട്ടുള്ളത്. ഇതിലെ പല പ്രതികളും റിമാന്റിൽ ആണ്. 20 വർഷം വരെ കഠിന തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. വിദ്യാഭ്യാസ മേഖലകളും വിനോദ സഞ്ചാര മേഖലകളും തുറന്നതോടെ മയക്കുമരുന്ന് മാഫിയ ആലുവ, അങ്കമാലി മേഖലകളിൽ സജീവമാണെന്ന് എക്സൈസ് സംഘം പറഞ്ഞു. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പരിശോധനകൾ നടത്തിവന്നതും മയക്കുമരുന്നുമായി പ്രതികളെ പിടികൂടിയതും.
പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സി.ബി. രഞ്ചു, കെ.എച്ച്. അനിൽകുമാർ, പി.കെ. ഗോപി, സിവിൽ എക്സൈസ് ഓഫീസർ മാരായ എം.എം. അരുൺകുമാർ (എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർടെ സ്പെഷ്യൽ സ്ക്വാഡ് അംഗം), ബസന്ത്കുമാർ, സജോ വർഗീസ്, അഖിൽ, പ്രദീപ്കുമാർ എന്നിവരും ഉണ്ടായിരുന്നു.