ന്യൂഡൽഹി: കർഷകരുടെ ട്രാക്ടർ റാലിക്കിടെ ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ ഒമ്പത് കർഷക നേതാക്കൾക്ക് എതിരെ പൊലീസ് കേസ്. സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, ദർശൻ പാൽ, രാകേഷ് തികായത് എന്നിവരടക്കമുളള നേതാക്കൾക്ക് എതിരെയാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ട്രാക്ടർ റാലിക്ക് അനുമതി നേടിയെടുക്കാൻ വേണ്ടി ഡൽഹി പൊലീസുമായി ചർച്ച നടത്തിയ നേതാക്കളാണ് ഇവർ. സംഘർഷമുണ്ടായത് ഇവർ കൂടി അറിഞ്ഞിട്ടാണെന്ന നിലപാടിലാണ് ഡൽഹി പൊലീസ്.
സംഘർഷവുമായി ബന്ധപ്പെട്ട് 23 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുളളത്. കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാനായി ഡൽഹി പൊലീസ് വൈകുന്നേരം വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. അതേസമയം, ചെങ്കോട്ടയിൽ അതിക്രമിച്ച് കടന്ന് സിഖ് പതാക കെട്ടിയ ആളെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ് വ്യക്തമാക്കി. പഞ്ചാബിലെ തരൻ ജില്ലയിലുള്ള ജുഗ്രാജ് സിംഗാണ് ചെങ്കോട്ടയിലെ കൊടിമരത്തിൽ കയറി പതാക ഉയർത്തിയതെന്നാണ് തിരിച്ചറിഞ്ഞത്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
പ്രക്ഷോഭത്തെ പൊളിക്കാനായി കേന്ദ്രസർക്കാർ സമരത്തിനു വന്ന ഒരുവിഭാഗം സംഘടനകളുമായി ഗൂഢാലോചന നടത്തിയെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ അഭിപ്രായപ്പെട്ടു. സമരത്തിന്റെ ഭാവി പരിപാടികളെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിന് ശേഷം സംയുക്ത കിസാൻ മോർച്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ആരോപണം.