കൊല്ലം: ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് കൊല്ലം കൊട്ടിയത്ത് യുവാവിന് ക്രൂര മർദ്ദനം. മൈലാപ്പൂർ സ്വദേശി ഷംനാദാണ് ക്രൂരമർദ്ദനത്തിന് ഇരയായത്. അടുത്തിടെയാണ് സംഭവം ഉണ്ടായത്. ബൈക്ക് മോഷ്ടാവല്ലെന്ന് ആവർത്തിച്ചിട്ടും ഷംനാദിനെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമികൾ പിന്തുടർന്ന് മർദ്ദിച്ചു.
അതേസമയം, യഥാർത്ഥ ബൈക്ക് മോഷ്ടാക്കളെ പിന്നീട് പൊലീസ് പിടികൂടി. ബൈക്ക് മോഷ്ടാവെന്ന നിലയിലുളള ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് യുവാവ്. അക്രമികൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ദൃശ്യങ്ങൾ പ്രചരിച്ചവരെ പിടികൂടണമെന്നും ആവശ്യപ്പെട്ട് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് ഷംനാദ് പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.