ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ സ്മരണാർത്ഥം കോടികൾ മുടക്കി പണികഴിപ്പിച്ച ശവകുടീരം പൊതുജനങ്ങൾക്ക് ഇന്നുമുതൽ തുറന്നുകൊടുക്കും. പറന്നുയരുന്ന ഫിനിക്സ് പക്ഷിയുടെ രൂപത്തിലാണ് ശവകുടീരത്തിന്റെ നിർമാണം. സന്ദർശകരെ സ്വീകരിക്കുന്നതാകട്ടെ, ഗർജിക്കുന്ന രണ്ട് സിംഹപ്രതിമകളും. മറീന ബീച്ചിൽ ഏകദേശം 50.80 കോടിരൂപ ചിലവഴിച്ചാണ് ശവകുടീരം നിർമിച്ചിരിക്കുന്നത്.
എംജിആർ സ്മാരകത്തിന് സമീപത്ത് തന്നെയാണ് ആധുനിക സജ്ജീകരണങ്ങളോടെയുള്ള കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്.
മ്യൂസിയത്തിൽ ജയലളിതയുടെ പുർണകായ പ്രതിമയുമുണ്ട്. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, വിസ്മനിർമ്മിതിയെ ജയലളിതയുടെ സ്മരണയ്ക്കപ്പുറം രാഷ്ട്രീയലക്ഷ്യത്തിനുകൂടി ഉപയോഗിക്കുക എന്നതാണ് ഭരണകക്ഷിയുടെ നീക്കം.
അതേസമയം, ജയലളിത കൂടി പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ശശികല ഇന്ന് ജയിൽമോചിതയായി. അനധികൃത സ്വത്തു സമ്പാദനക്കേസിൽ നാലുവർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയാണ് ശശികല പുറത്തിറങ്ങിയത്. കൊവിഡ് ബാധിതയായതിനാൽ മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമെ ശശികല ചെന്നൈയിലേക്ക് വരികയുള്ളൂ എന്നാണ് സൂചന.