തിരുവനന്തപുരം: പാലാ സീറ്റിനെ ചൊല്ലി എൻ.സി.പി കേരള ഘടകത്തിനകത്ത് ഉണ്ടായിട്ടുള്ള അസ്വാരസ്യങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി അഖിലേന്ത്യാ അദ്ധ്യക്ഷൻ ശരദ് പവാർ ഇരു വിഭാഗം നേതാക്കളെയും ഡൽഹിക്ക് വിളിപ്പിച്ചു. പഴയ കോൺഗ്രസ്-എസിന്റെ രൂപത്തിലും പിന്നീട് എൻ.സി.പിയിലുമായി നാല് പതിറ്റാണ്ടായി ഇടതുമുന്നണിയിൽ തുടരുന്ന പാർട്ടി ഇപ്പോൾ വിട്ടുപോകുന്നതിലെ വൈകാരികപ്രശ്നം ശരദ് പവാർ തന്നെ വന്നുകണ്ട നേതാക്കളോട് നേരത്തേ ഉന്നയിച്ചതായാണ് വിവരം. എന്നാൽ പാർട്ടിയുടെ സിറ്റിംഗ് സീറ്റുകൾ ഏകപക്ഷീയമായി വിട്ടുകൊടുത്തുകൊണ്ടുള്ള വിട്ടുവീഴ്ചയ്ക്ക് വഴങ്ങാനാവില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇരുനിലപാടുകൾ ഏറ്റുമുട്ടുന്ന ആശയസംഘർഷത്തിലാണ് എൻ.സി.പി അഖിലേന്ത്യാ നേതൃത്വം.
നേരത്തേ പവാർ സംസ്ഥാനത്തെത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഔദ്യോഗികമായ ബുദ്ധിമുട്ടുകൾ കാരണം വേണ്ടെന്നുവച്ചു. അതിന് ശേഷമാണിപ്പോൾ സംസ്ഥാന അദ്ധ്യക്ഷൻ ടി.പി. പീതാംബരനെയും മന്ത്രി എ.കെ. ശശീന്ദ്രനെയും എം.എൽ.എ മാണി സി.കാപ്പനെയും ഡൽഹിലേക്ക് വിളിപ്പിച്ചത്.
പാലാ സീറ്റിൽ സ്വാഭാവികനീതി എൻ.സി.പിക്ക് നിഷേധിക്കുന്നുവെന്നാണ് ഔദ്യോഗികചേരിയുടെ വികാരം. ജോസ് കെ.മാണിയെ മുന്നണിയിലെടുക്കാൻ നിശ്ചയിച്ച ആദ്യ ഇടതുമുന്നണി യോഗത്തിൽ, അതിനെ സ്വാഗതം ചെയ്തെങ്കിലും ചില വിഷയങ്ങളിൽ വ്യക്തത വേണ്ടതുണ്ടെന്ന് പീതാംബരൻ പറഞ്ഞിരുന്നു. എന്നിട്ടും അവരെ വിശ്വാസത്തിലെടുക്കുന്ന നീക്കങ്ങളുണ്ടാവുന്നില്ലെന്നാണ് പരിഭവം. ഒന്നര വർഷം മാത്രം എം.എൽ.എ ആയി ഇരുന്ന മാണി സി.കാപ്പനിൽ നിന്ന് ആ സീറ്റ് പിടിച്ചെടുത്ത് മറ്റൊരു പാർട്ടിക്ക് കൊടുക്കാനാലോചിക്കുമ്പോൾ അദ്ദേഹത്തെയും എൻ.സി.പിയെയും വിശ്വാസത്തിലെടുക്കേണ്ടേയെന്നതാണ് ചോദ്യം. ജോസ് കെ.മാണി ഒഴിയുന്ന രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാമെന്ന ആശ്വാസവാക്ക് പോലുമുണ്ടാകുന്നില്ല.
സീറ്റുകളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും മുന്നണി വിടേണ്ടതുണ്ടെങ്കിൽ അങ്ങനെയെന്നുമുള്ള കടുത്ത നിലപാടിനോട് യോജിപ്പായിരുന്നു അഖിലേന്ത്യാ നേതൃത്വത്തിന് ആദ്യമെങ്കിലും സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി പവാറുമായി നടത്തിയ ചർച്ചയോടെ സ്ഥിതിഗതികളിൽ മാറ്റമുണ്ടായി. അഖിലേന്ത്യാതലത്തിൽ ഇടതുപാർട്ടികൾ ശരദ് പവാറിനെ മുന്നിൽ നിറുത്തിയുള്ള മൂന്നാം ബദലിന് നീക്കമാരംഭിച്ചതും പവാറിൽ വീണ്ടുവിചാരമുണർത്തി. ടി.പി. പീതാംബരൻ, ഇടതുമുന്നണി യോഗത്തിന് ശേഷം കടുത്ത നിലപാടിൽ നിന്ന് മയപ്പെട്ടത് പവാറിന്റെ മനസറിഞ്ഞാണെന്നാണ് സൂചന.
പാലായുടെ കാര്യത്തിൽ പാർട്ടി നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും, ചർച്ച നടത്താമെന്ന് മുന്നണി നേതൃത്വം അറിയിച്ച സ്ഥിതിക്ക് മുന്നണി വിടുന്ന കാര്യം ചർച്ച ചെയ്യുന്നതെന്തിനെന്നദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് ചോദിച്ചു. ചർച്ച നടക്കുമ്പോൾ പാർട്ടിയുടെ ആശങ്കകൾ പങ്കുവയ്ക്കും. പവാറിന്റെ തീരുമാനം മാണി സി.കാപ്പനടക്കം എല്ലാവരും അംഗീകരിക്കും. ശശീന്ദ്രന്റെ വീട്ടിൽ ചേർന്ന യോഗത്തെപ്പറ്റി ചോദിച്ചപ്പോൾ സുഹൃത്തുക്കൾ കൂടിച്ചേരുന്നതിൽ തെറ്റില്ലെന്ന് പീതാംബരൻ പറഞ്ഞു.
കാപ്പൻ ഇടത് യോഗത്തിനെത്തിയില്ല
ഇന്നലെ ഇടതുമുന്നണി യോഗത്തിൽ മാണി സി.കാപ്പന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓരോ പാർട്ടിയുടെയും രണ്ട് പേർ പങ്കെടുത്താൽ മതിയെന്ന നിർദ്ദേശത്തെ തുടർന്നാണ് കാപ്പൻ വരാതിരുന്നതെന്നാണ് വിശദീകരണം.