തൊടുപുഴ: ജോസ് കെ. മാണി വിഭാഗക്കാർ മാരിയിൽ കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിനു വേണ്ടി സമരം ചെയ്യേണ്ടത് സംസ്ഥാന സർക്കാരിനെതിരെയാണെന്ന് കേരളാ കോൺഗ്രസ് (ജോസഫ്) നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ് പറഞ്ഞു. റോഡ് നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കേണ്ടതിന് നഷ്ട പരിഹാരമായി സ്ഥലം ഉടമകൾക്ക് പണം അനുവദിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. പി.ജെ. ജോസഫ് എം.എൽ.എ നിരന്തരം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ വകയിരുത്തിയത് നൂറു രൂപ മാത്രമാണ്. രണ്ട് കോടി 96 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. ഈ പണം അനുവദിക്കണം എന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിൽ നിന്ന് സർക്കാരിനോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഈ കാര്യത്തിൽ മനപൂർവ്വം കാലതാമസം വരുത്തണമെന്ന് ഉദ്ദേശിച്ചാണ് ഇടതു മുന്നണി സർക്കാർ പ്രവർത്തിച്ചത്. തൊടുപുഴയോട് സർക്കാർ കാണിക്കുന്ന കടുത്ത അനീതി ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഭരണ മുന്നണിയിലെ ഘടക കക്ഷി തന്നെയാണ് ഇപ്പോൾ സമരത്തിനിറങ്ങിയിട്ടുള്ളത്. ജനങ്ങളെ കബളിപ്പിക്കാനുള്ള ഇത്തരം മാർഗങ്ങളിൽ നിന്ന് ജോസ് കെ. മാണി വിഭാഗക്കാർ പിൻമാറാൻ തയ്യാറാകണമെന്നും ജോസി ആവശ്യപ്പെട്ടു.