ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ പ്രതിഷേധം അക്രമാസക്തമായതിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് സുരക്ഷ കർശനമാക്കി. ഡൽഹി അതിർത്തികളിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു.ലാൽ ക്വില മെട്രോ സ്റ്റേഷന്റെ പ്രവേശന, എക്സിറ്റ് ഗേറ്റുകൾ അടച്ചിരിക്കുകയാണ്. മറ്റെല്ലാ സ്റ്റേഷനുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ഉത്തർപ്രദേശ് സർക്കാരും സമരക്കാർക്കെതിരെയുള്ള നടപടി കടുപ്പിച്ചിരിക്കുകയാണ്. ഗാസിപുരില്‍ നിന്ന് ഒഴിഞ്ഞുപോവണമെന്ന് ജില്ലാ ഭരണകൂടം കര്‍ഷകര്‍ക്ക് നോട്ടീസ് നല്കി. ഗാസിപൂരിലെ സമരവേദികളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി കർഷക നേതാക്കൾ ആരോപിച്ചു. കുടിവെള്ള വിതരണവും നിർത്തിയെന്ന് പ്രതിഷേധക്കാർ പറയുന്നു.
അതേസമയം കർഷകസംഘടനകളുമായി തൽക്കാലം ചർച്ച നടത്തേണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. മുൻ നിർദ്ദേശം അംഗീകരിക്കാൻ തയ്യാറായാൽ മാത്രം ചർച്ച നടത്താമെന്നാണ് സർക്കാരിന്റെ നിലപാട്. റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ പങ്കെടുത്തവർക്കെതിരെ ഡൽഹി പൊലീസ് കടുത്ത നടപടികളിലേക്ക് കടന്നേക്കും.
ചെങ്കോട്ടയിൽ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട് നടനും ഗായകനുമായ ദീപ് സിദ്ദുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ചെങ്കോട്ടയില്‍ നടന്ന അതിക്രമങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. 37 കർഷക നേതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം വിപുലീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇന്ന് കൂടുതൽ പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും. കുറ്റക്കാർക്കെതിരെ രാജ്യദ്രോഹക്കുറ്റം കൂടി ചുമത്തിയേക്കും.