ന്യൂഡൽഹി : രാജ്യത്ത് ഭക്ഷ്യസാധനങ്ങൾക്ക് വില വർദ്ധിക്കുമ്പോഴും, പെട്രോൾ വില വർദ്ധിക്കുമ്പോഴും പാർലമെന്റിലെ ക്യാന്റീനിലെ മെനു സോഷ്യൽ മീഡിയയിൽ തരംഗമാവാറുണ്ട്. തുച്ഛമായ വിലയിൽ ഗുണമേൻമയുള്ള ആഹാര സാധനങ്ങൾ വിളമ്പുന്നുന്ന ക്യാന്റീനിലെ മെനുപ്പട്ടിക ചർച്ചയാകാറുമുണ്ട്. എന്നാൽ അടുത്ത മാസം ഒന്നാം തീയതി മുതൽ പാർലമെന്റിലെ ക്യാന്റീൻ വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്.
കഴിഞ്ഞ 52 വർഷമായി എം പി മാർക്ക് ക്യാന്റീനിൽ ഭക്ഷണം തയ്യാറാക്കി വിളമ്പുന്നതിനുള്ള ചുമതലയുണ്ടായിരുന്ന നോർത്തേൺ റെയിൽവേയുടെ കുത്തകയാണ് അവസാനിക്കുന്നത്. ഇവർക്ക് പകരമായി ഇനി ഐ ടി ഡി സി (ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനൻ) യ്ക്കാണ് ക്യാന്റീനുകളുടെ ചുമതല ഏറ്റെടുക്കുന്നത്. ഭക്ഷണം പാചകം ചെയ്യുന്നതാവട്ടെ രാജ്യതലസ്ഥാനത്തെ പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടൽ അശോക് ഹോട്ടലിലെ സ്റ്റാർ പാചകക്കാരും. ബജറ്റ് അവതരണത്തിനായുള്ള പാർലമെന്റ് സമ്മേളനം ഫെബ്രുവരി ഒന്നിന് ആരംഭിക്കാനിരിക്കവേ ആണ് ഐ ടി ഡി സി ക്യാന്റീൻ പ്രവർത്തനം ഏറ്റെടുക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലിലെ ഷെഫുമാരുടെ കൈപ്യുണ്യത്തിന് പക്ഷേ പാർലമെന്റ് ക്യാന്റീനിൽ അധിക നിരക്ക് വാങ്ങുകയില്ല. അശോക് ഹോട്ടലിലേതിനെക്കാളും പലമടങ്ങ് വിലകുറഞ്ഞതായിരിക്കും ഇവിടെ വിളമ്പുന്ന വിഭവങ്ങൾ.
മെനുവിലെ കടായ് പനീർ, മിക്സ് വെജ് ഡ്രൈ, ഭാജി, പയർ സുൽത്താനി, പീസ് പുലാവോ, ചപ്പാത്തി, ഗ്രീൻ സാലഡ്, കുക്കുമ്പർ പുതിന റൈത, പപ്പാഡ്, കാല ജാമുൻ എന്നിവയ്ക്ക് കേവലം 100 രൂപയാണ് വില. വെജ് ഡ്രൈ, ഭാജി, പയർ സുൽത്താനി, ജീര പുലാവോ, ചപ്പാത്തി, ഗ്രീൻ സാലഡ്, കുക്കുമ്പർ പുതിന റൈത, പപ്പാഡ് എന്നിവ അടങ്ങിയ മിനി താലിക്ക് കേവലം 50 രൂപയ്ക്ക് ലഭിക്കും. 25 രൂപയ്ക്ക് ഉപ്മ, 50 രൂപയ്ക്ക് പനീർ പക്കോഡ എന്നിവ ലഭിക്കും. 2020 നവംബർ പതിനഞ്ചിനാണ് കാന്റീന്റെ നിയന്ത്രണം ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന് (ഐടിഡിസി) കൈമാറിയത്.