ആലപ്പുഴ: ബൈപാസ് ഉൽഘാടനത്തിന് കെ.സി വേണുഗോപാൽ എം.പിയെ ക്ഷണിക്കാത്തതിനെതിരെ ആലപ്പുഴയിൽ കോൺഗ്രസിന്റെ ശക്തമായ പ്രതിഷേധം. പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ബൈപാസിലേക്കും കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് ആലപ്പുഴ ജില്ലാ അദ്ധ്യക്ഷൻ അഡ്വ.എം.ലിജുവിന്റെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്.
പ്രവർത്തകരെ കളർകോട് ഭാഗത്ത് വച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രസംഗിച്ച അഡ്വ.എം.ലിജു ബൈപാസിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ചത് കെ.സി വേണുഗോപാലാണ് എന്ന് അഭിപ്രായപ്പെട്ടു. ആലപ്പുഴ ബൈപ്പാസിനായി യഥാർത്ഥത്തിൽ പ്രവർത്തിച്ചത് ഐക്യജനാധിപത്യ മുന്നണിയാണെന്ന് ലിജു അഭിപ്രായപ്പെട്ടു. 1987ൽ വി.എം സുധീരൻ എം.പിയായിരിക്കെ ബൈപാസിനുളള അപ്രോച്ച് റോഡ് പൂർത്തിയാക്കിതായും പിന്നീട് 2009ൽ ബൈപാസ് എന്ന ആശയം അന്നത്തെ കേന്ദ്ര സർക്കാരിന് മുന്നിൽ വച്ചത് അന്നത്തെ എം.പിയായിരുന്ന കെ.സി വേണുഗോപാലായിരുന്നെന്നും എം.ലിജു പറഞ്ഞു. ബൈപാസിൽ 3.5 കിലോമീറ്റർ ദൂരമുളള എലിവേറ്റഡ് ഹൈവെയ്ക്കായി രണ്ടാം യുപിഎ സർക്കാരിനെ കൊണ്ട് ഫണ്ട് അനുവദിപ്പിച്ചു.
പാതയിലെ ടോൾ പകുതി തുക സംസ്ഥാന സർക്കാർ നൽകുമെന്ന് ഉമ്മൻചാണ്ടി സർക്കാർ അറിയിച്ചു. ബൈപാസ് ശിൽപിയായ കെ.സിയെ ഒഴിവാക്കാൻ മന്ത്രി ജി.സുധാകരൻ ആദ്യം മുതലേ ശ്രമിച്ചുവെന്ന് എം.ലിജു ആരോപിച്ചു. എല്ലാം കൊണ്ടുവന്നത് ഞങ്ങളാണെന്ന് പറയുന്ന ജി.സുധാകരൻ എട്ടുകാലി മമ്മൂഞ്ഞാണ്. ആരിഫിനെയും തോമസ് ഐസക്കിനെയും പോലെ കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും മന്ത്രിയ്ക്ക് മുന്നിൽ അടിമയായി നിൽക്കില്ലെന്നും എം.ലിജു പറഞ്ഞു.
ഉദ്ഘാടനവേദിക്കടുത്തേക്ക് കോൺഗ്രസ് പ്രവർത്തകർ കെ.സി വേണുഗോപാലിനും ഉമ്മൻചാണ്ടിക്കും അഭിവാദ്യമർപ്പിച്ചുളള ഫ്ളക്സുമായി എത്തി. എന്നാൽ ഇതെല്ലാം പൊലീസ് എടുത്തുമാറ്റി. ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ സംസ്ഥാനം കെ.സി വേണുഗോപാലിന്റെ പേര് വച്ചിരുന്നതായും എന്നാൽ കേന്ദ്രം പേര് വെട്ടുകയായിരുന്നുവെന്നുമാണ് മന്ത്രി ജി.സുധാകരൻ അറിയിച്ചത്. ആദ്യം വെട്ടിമാറ്റിയ സ്ഥലം എംഎൽഎമാരുടെയും എം.പിയുടെയും പേര് പിന്നീട് ഉൾപ്പെടുത്തിയിരുന്നു.കളർകോട് മുതൽ കൊമ്മാടി വരെ 6.8 കിലോമീറ്റർ ദൂരമുളളതാണ് ആലപ്പുഴ ബൈപ്പാസ്.