വെളിയിൽ ഒരു പൂന്തോട്ടം ഒരുക്കാനും സംരക്ഷിക്കാനും കഴിയാത്തവർക്കുള്ള പരിഹാരമാണ് ഇൻഡോർ ഗാർഡനുകൾ. എന്നു കരുതി വീടിനുള്ളിലെ സ്ഥലം മുഴുവൻ ചെടികൾക്ക് നൽകാനും പാടില്ല. അതിന് ഏറ്റവും നല്ല വഴികൾ ചെടി സ്റ്റാൻഡുകൾ ഉണ്ടാക്കുക എന്നതാണ്. മൂന്നോ നാലോ തട്ടിലായി നിർമിച്ച ഒരു സ്റ്റാൻഡിൽ ചെടിച്ചട്ടി വയ്ക്കുമ്പോൾ ലഭിക്കുന്ന ഭംഗി വേറെ തന്നെയാണ്. വീടിനകത്ത് വയ്ക്കുന്ന ചെടികൾ കൂടുതലായും ഇലച്ചെടികൾ ആകാൻ ശ്രദ്ധിക്കണം. അധികം വളർന്നുപടരാത്ത ഇലച്ചെടികൾ നൽകുന്ന പച്ചപ്പ് കണ്ണിനും മനസിനും കുളിർമയേകും. ഭിത്തിയിലും ഒന്നു പരീക്ഷിക്കാം. ഭിത്തികളെ ചെറിയ റാക്കുകളായി തിരിച്ചു ഓരോന്നിലും ഓരോ അലങ്കാര സസ്യങ്ങൾ വച്ചുപിടിപ്പിച്ചു നോക്കൂ. എന്തിനാ ഇനി പ്ലാസ്റ്റിക്ക് പൂക്കൾ. ചുവരുകളിൽ ജീവനുള്ള പൂക്കൾ തന്നെ വിരിഞ്ഞോട്ടെ.
ഭിത്തിയിൽ റാക്കുകൾ പണിയുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. തടികൊണ്ടുളള റാക്കുകൾ ഭിത്തിയിൽ ഉറപ്പിച്ചു അതിൽ മണ്ണുനിറച്ചു ചെടികൾ വളർത്താം. ഓരോ ചെറിയ റാക്കുകളോ, നീളത്തിൽ തടികൊണ്ട് നിർമിച്ച സ്റ്റാൻഡോ ഭിത്തിയിൽ ഉറപ്പിച്ചു ചെടികൾ വച്ചുപിടിപ്പിക്കാം. ഇതല്ലാതെ ചെറിയ കമ്പി സ്റ്റാൻഡ് ഭിത്തിയിൽ ഉറപ്പിച്ച് അതിൽ ചെടിച്ചട്ടികൾ വച്ചും ഇൻഡോർ ഗാർഡൻ ഒരുക്കാവുന്നതാണ്. സാധാരണയായി ഇൻഡോർ ഗാർഡൻ സ്വീകരണ മുറിയിൽ സെറ്റ് ചെയ്യുകയാണ് പതിവ്. അടുക്കളയിൽ വേണമെങ്കിൽ പുതിന, മല്ലിയില, കറ്റാർവാഴ, പനിക്കൂർക്കയില തുടങ്ങി വിവിധതരം ഔഷധസസ്യങ്ങളും നട്ടുപിടിപ്പിക്കാവുന്നതാണ്. വീടിനകത്ത് ചെടികൾ വളർത്തുന്നതിനോടൊപ്പം അതിന്റെ പരിപാലനവും വളരെ അത്യാവശ്യമാണ്. ശരിയായി പരിപാലിച്ചില്ലെങ്കിൽ ഇവ നശിച്ചപോകും.
വീട്ടിനുള്ളിൽ വളർത്തുന്ന ചെടികളെ എങ്ങനെ നന്നായി പരിപാലിക്കാം എന്നു കൂടി അറിഞ്ഞിരിക്കണം. ചെടികൾ വളരുന്നതിന് ഇളം ചൂട് അത്യാവശ്യമാണ്. വീട്ടിനുള്ളിലെ ചൂട് വളരുന്ന ചെടികൾക്ക് തികയാതെ വരും. അതിനാൽ ശരിയായ അളവിൽ ചെടികൾക്കാവശ്യമായ ചൂട് വീടിനുള്ളിൽ ലഭ്യമാക്കേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ചെടികളുടെ വളർച്ച മുരടിക്കും. ചൂട് പോലെതന്നെ പ്രധാനമാണ് പ്രകാശവും. ചെടികൾ വയ്ക്കുന്നതിന് മുകളിലെ റൂഫ് ഗ്ലാസ് ഉപയോഗിക്കുന്നതാണ് ചെടികളുടെ വളർച്ചയ്ക്ക് ഉത്തമം. അല്ലാത്ത പക്ഷം കഴിവതും വെളിച്ചം കിട്ടുന്ന ഭാഗങ്ങളിൽ വയ്ക്കണം.