ബംഗളുരു: ലഹരിമരുന്ന് കേസിലെ കള്ളപ്പണ- ബിനാമി ഇടപാടിൽ നാലാം പ്രതിയായ ബിനീഷ് കോടിയേരിക്കെതിരായ കുറ്റപത്രത്തിൽ ഏഴു വർഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചുമത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിനാണ് ഈ ശിക്ഷ.
ഹോട്ടൽ ബിസിനസ് മറയാക്കി ലഹരി ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ബിനീഷ് നൽകിയ പണമുപയോഗിച്ച് ബംഗളൂരുവിൽ തുടങ്ങിയ ഹോട്ടൽ കേന്ദ്രീകരിച്ച് നടത്തിയ ലഹരി ഇടപാടുകളിലൂടെ അനൂപ് മുഹമ്മദ് വലിയ തുക സമ്പാദിച്ചു. അനൂപിന്റെ ഡെബിറ്റ് കാർഡ് ബിനീഷാണ് സ്ഥിരമായി ഉപയോഗിച്ചിരുന്നത്. 2012 മുതൽ 2019 വരെ 5,17,36,600 രൂപ ബിനീഷിന്റെ അക്കൗണ്ടിലെത്തി. ഇതിൽ 1,16,76,276 രൂപയ്ക്ക് മാത്രമേ ബിനീഷ് ആദായനികുതി റിട്ടേൺ സമർപ്പിച്ചിട്ടുള്ളൂ. നാല് കോടിയിലധികം രൂപയുടെ ഉറവിടം വെളുപ്പെടുത്തിയിട്ടില്ല. ലഹരി ഇടപാടുകളെകുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന ബിനീഷിന്റെ വാദം പൊളിക്കാൻ, മറ്റ് പ്രതികളുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റും പണമിടപാട് രേഖകളും കുറ്രപത്രത്തിൽ ഉൾപ്പെടുത്തി.
മുഹമ്മദ് അനൂപുമായി ബിനീഷ് നടത്തിയ പണമിടപാടുകളുടെ രേഖകളും കുറ്റപത്രത്തിനൊപ്പമുണ്ട്. ദുബായിൽ ജോലി ചെയ്തിരുന്നപ്പോഴുള്ള ശമ്പളവും സമ്പാദ്യവുമാണ് പണത്തിന്റെ ഉറവിടമായി ബിനീഷ് വെളിപ്പെടുത്തിയത്. തിരുവനന്തപുരം പട്ടത്തെ എച്ച്.ഡി.എഫ്.സി ബാങ്ക് ശാഖയിലൂടെ എസ്. അരുൺ എന്നയാൾ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. 2017-18 കാലയളവിൽ അരുൺ 25ലക്ഷം രൂപയാണ് ബിനീഷിന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. സുഹൃത്തും ശംഖുംമുഖത്തെ ഓൾഡ് കോഫി ഹൗസിന്റെ പാർട്ണറുമാണ് അരുൺ എന്നാണ് ബിനീഷിന്റെ മൊഴി.