പാലക്കാട്: ദൈവത്തിനുള്ള ബലിയെന്ന പേരിൽ ആറുവയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പുതുപ്പള്ളിത്തെരുവ് പൂളക്കാട് സ്വദേശി സുലൈമാന്റെ ഭാര്യ ഷഹീദയാണ് (32) മൂന്നുമക്കളിൽ ഇളയവനായ ആമീൽ ഇഹ്സാനെ ഉറക്കത്തിനിടെ കൈകാലുകൾ ബന്ധിച്ച ശേഷം കറിക്കത്തിയുപയോഗിച്ച് കൊന്നുതള്ളിയത്. സംഭവം ഷഹീദ തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. ഇവരെ പിന്നീട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
ഷഹീദയും ഇളയമകനും ഒരുമിച്ചാണ് കിടന്നിരുന്നത്. മറ്റൊരു മുറിയിലായിരുന്നു സുലൈമാനും മറ്റുമക്കളായ ആദുൽ അത്തീഫ് (11), ആമീൽ ഐദീദ് (8) എന്നിവരും കിടന്നിരുന്നത്. പുലർച്ചെ മൂന്നരയോടെയാണ് ഉറങ്ങിക്കിടന്നിരുന്ന മകനെ ഷഹീദ കുളിമുറിയിലേക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊന്നത്. കൃത്യം നടത്തിയ ശേഷം ഇവർ ജനമൈത്രി പൊലീസിന്റെ സഹായ നമ്പറിലേക്ക് വിളിച്ച് വിവരം അറിയിച്ചു. മൊബൈൽ നമ്പർ ലെക്കേറ്റ് ചെയ്താണ് പൊലീസ് സ്ഥലത്തെത്തിയത്. വാതിലിൽ തട്ടിയതിനെ തുടർന്ന് പുറത്തേക്ക് വന്ന ഷഹീദ താൻ മകനെ ദൈവത്തിന് ബലി നൽകിയെന്ന് പറഞ്ഞു. പൊലീസ് വീടിനകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് കുട്ടിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസാണ് ഉറങ്ങിക്കിടന്ന സുലൈമാനെയും മറ്റ് രണ്ട് കുട്ടികളെയും വിളിച്ചുണർത്തി വിവരം ധരിപ്പിച്ചത്.
ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. പൊലീസ് സർജൻ ഡോ.ഗുജ്റാളും ഫോറൻസിക് വിദഗ്ദ്ധരും വിശദമായ പരിശോധന നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊലയ്ക്കുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.
പുതിയ കത്തി വാങ്ങിപ്പിച്ചു, പൊലീസിന്റെ നമ്പറും ശേഖരിച്ചു
ദിവസങ്ങൾക്ക് മുമ്പാണ് ഷഹീദ, സുലൈമനോട് പറഞ്ഞ് അടുക്കളയിലേക്ക് പുതിയ കത്തി വാങ്ങിയത്. കഴിഞ്ഞ ദിവസം അയൽവാസികളിൽ നിന്നാണ് ജനമൈത്രി പൊലീസിന്റെ നമ്പർ ശേഖരിച്ചത്. നേരത്തെ മദ്രസ അദ്ധ്യാപികയായിരുന്ന ഷഹീദ നിലവിൽ മൂന്നുമാസം ഗർഭിണിയാണ്.
മക്കളോട് വലിയ സ്നേഹമായിരുന്നുവെന്നും പുറത്തറിയപ്പെടുന്ന തരത്തിലുള്ള കുടുംബ വഴക്കുകളോ മറ്റെന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ ഉള്ളതായി അറിവില്ലെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഗൾഫിൽ ജോലി ചെയ്തിരുന്ന സുലൈമാൻ മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. ഇപ്പോൾ നഗരത്തിൽ ടാക്സി ഡ്രൈവറാണ്.
കൂടുതൽ ചോദ്യം ചെയ്യും
മകനെ ദൈവത്തിന് ബലി നൽകിയെന്നാണ് ഷഹീദ ആവർത്തിക്കുന്നത്. ഇന്നലെ രാവിലെ തന്നെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷമേ കൊലപാതക കാരണം കൂടുതൽ വ്യക്തമാകൂ.
ആർ.വിശ്വനാഥ്,
ജില്ലാ പൊലീസ് മേധാവി