കോട്ടയം: ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ വിദ്യാലയങ്ങളിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർത്ഥികളോട് നേരിട്ട് സംവദിക്കുന്ന നവകേരളം യുവകേരളം പരിപാടി പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം എംജി യൂണിവേഴ്സിറ്റിയിൽ ആയിരുന്നു ആശയസംവാദം നടന്നത്. എന്നാൽ ചോദ്യം ഉന്നയിച്ച വിദ്യാർത്ഥിനിയോട് മുഖ്യമന്ത്രി തന്നെ ക്ഷുഭിതനായ സംഭവത്തിന് ക്യാംപസ് സാക്ഷ്യം വഹിച്ചു.
ചോദ്യം ചോദിച്ച വിദ്യാർത്ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പരുക്കൻ ശബ്ദത്തിൽ മുഖ്യമന്ത്രി പറയുകയായിരുന്നു. സംവാദം അവസാനിപ്പിച്ച് നന്ദി പറഞ്ഞതിന് ശേഷം ചോദ്യം ചോദിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
നന്ദി പ്രകടനത്തിന് ശേഷം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് എന്ന് വിദ്യാർത്ഥിനി പറഞ്ഞു തുടങ്ങിയപ്പോൾ, 'ഇനിയൊരു ചോദ്യമില്ല. ഇനിയൊരു ചോദ്യമില്ല. ഒരു ചോദ്യവുമില്ല. അവസാനിച്ചു. അവസാനിച്ചൂ. ചോദ്യം ഇനിയില്ല.' ഇങ്ങനെ പറഞ്ഞശേഷം മുഖ്യമന്ത്രി സീറ്റിലേക്ക് മടങ്ങുകയായിരുന്നു.
വിദ്യാർത്ഥികളുമായുള്ള സംവാദത്തിന്റെ പ്രസക്തി സോഷ്യൽ മീഡിയ പേജിലൂടെ ആവർത്തിച്ചു പറയുന്ന മുഖ്യമന്ത്രിയിൽ നിന്നുതന്നെ ഇത്തരത്തിലൊരു പ്രതികരണമുണ്ടായത് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്.