തിരുവനന്തപുരം: എൻ സി പിയെ മുന്നണിയിൽ പിടിച്ചുനിർത്തേണ്ട ആവശ്യം ഇപ്പോഴില്ലെന്ന നിലപാടിൽ സി പി എം സംസ്ഥാന നേതൃത്വം എത്തിച്ചേർന്നതാണ് കാപ്പന്റെ യു ഡി എഫ് പ്രവേശനം അനായാസമാക്കിയത്. ഈ സമീപനത്തിന്റെ ഭാഗമായാണ് സീതാറാം യെച്ചൂരി വരെ ഇടപെട്ടിട്ടും പിണറായി അയയാത്തതിന് പിന്നിലെ പ്രധാന കാരണം. ജോസ് കെ മാണിയും എൽ ജെ ഡിയും എൽ ഡി എഫിൽ എത്തിയപ്പോൾ മുതൽ സീറ്റ് വിഭജനം സി പി എമ്മിന് മുന്നിൽ ഒരു കീറാമുട്ടിയായി കിടക്കുന്നുണ്ട്. എല്ലാ ഘടകക്ഷികളും വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്ന് ആദ്യം മുതലേ സി പി എം പറയാനുളള കാരണവും ഇതു തന്നെയാണ്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി പി എം മത്സരിച്ചത് 90 സീറ്റുകളിലായിരുന്നു. സി പി ഐ 27 സീറ്റുകളിലും മത്സരിച്ചു. മറ്റ് പാർട്ടികൾ എല്ലാം അഞ്ചോ അതിൽ താഴെയോ സീറ്റുകളിൽ മാത്രമായിരുന്നു മത്സരിച്ചിരുന്നത്. വലിയ പാർട്ടികൾ അധികം ഇല്ലാതിരുന്നതിനാൽ സീറ്റ് വിഭജനവും വലിയ പ്രശ്നമായിരുന്നില്ല. യു ഡി എഫിൽ കേരള കോൺഗ്രസ് എം 15 സീറ്റിലായിരുന്നു മത്സരിച്ചിരുന്നത്. അത്ര ഇല്ലെങ്കിലും,പത്ത് സീറ്റെങ്കിലും ഇത്തവണ എൽ.ഡി.എഫിൽ ജോസ് കെ മാണിയ്ക്ക് നൽകേണ്ടി വരും. എൽ ജെ ഡി യു ഡി എഫിൽ ഏഴ് സീറ്റിൽ ആയിരുന്നു മത്സരിച്ചിരുന്നത്. അഞ്ച് സീറ്റുകളെങ്കിലും വേണമെന്നതാണ് അവരുടെ ആവശ്യം. ഏറ്റവും ചുരുങ്ങിയത് 15 സീറ്റുകളെങ്കിലും പുതിയ ഘടകകക്ഷികൾക്ക് കണ്ടെത്തേണ്ട അവസ്ഥയിലാണ് സി പി എം.
സി പി എമ്മിനെ സംബന്ധിച്ച് എൽ ഡി എഫിന് ഒപ്പമാണെങ്കിലും എൻ സി പി മുന്നണിയിലെ നിർണായക ശക്തിയൊന്നുമല്ല. 2001ൽ ഒമ്പത് സീറ്റുകളിൽ മത്സരിച്ചിരുന്ന പാർട്ടിയ്ക്ക് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും നാല് സീറ്റുകൾ വീതം ആയിരുന്നു നൽകിയിരുന്നത്. ഇത്തവണ പാലാ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നാലിൽ മൂന്നിടത്തും ജയിച്ചുകയറുകയും ചെയ്തു. അതേസമയം, ജോസ് കെ മാണിയ്ക്ക് വേണ്ടി എൻ സി പിയെ കൈവിട്ടാലും നഷ്ടമൊന്നും ഇല്ലെന്ന നിലപാടാണ് സി പി എം നേതാക്കൾക്കും അണികൾക്കും. കൃത്യമായ വോട്ട് ബാങ്ക് അവകാശപ്പെടാനില്ല എന്നത് തന്നെയാണ് എൻ സി പിയുടെ ഏറ്റവും വലിയ പ്രശ്നം. അതുകൊണ്ട് തന്നെ വലിയ സമ്മർദ്ദം ഇടതുമുന്നണിയിൽ ഇവർക്ക് ചെലുത്താനും കഴിയില്ല.
കുട്ടനാട് സീറ്റിൽ മാത്രമാണ് എൻ സി പിയ്ക്ക് സ്വന്തമെന്ന നിലയിൽ ഒരു വിജയം ഇതുവരെ നേടാൻ ആയിട്ടുളളത്. അത് തോമസ് ചാണ്ടിയുടെ വ്യക്തിപരമായ വിജയമായിട്ടാണ് വിലയിരുത്തുന്നതും. മറ്റ് സീറ്റുകളിൽ ഒന്നും എൻ സി പി ഒരു സ്വാധീനശക്തിയല്ല എന്നതാണ് സത്യം. പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ വിജയിച്ചത് എൻ സി പി വോട്ടുകൊണ്ടോ, കാപ്പന്റെ വ്യക്തിപ്രഭാവം കൊണ്ടോ ആയിരുന്നില്ല എന്നാണ് സി.പി.എം വിലയിരുത്തൽ. ജോസ് കെ മാണി- പി ജെ ജോസഫ് ഗ്രൂപ്പ് വഴക്കും എൽ ഡി എഫിന്റെ ശക്തമായ പ്രചാരണ പരിപാടികളും ആയിരുന്നു അന്ന് കാപ്പന്റെ വിജയത്തിന് വഴിവച്ചത് എന്നും വിലയിരുത്തുന്നുണ്ട് സി പി എം.
മാണി സി കാപ്പൻ യു ഡി എഫിലേക്ക് പോയാലും ഇത്തവണ പാലായിൽ വലിയ പ്രതിസന്ധിയുണ്ടാവില്ലെന്ന് സി പി എം ഉറപ്പിക്കുന്നുണ്ട്. കാപ്പൻ എതിർ സ്ഥാനാർത്ഥി ആയാൽ പോലും ജോസ് കെ മാണിയുടെ വോട്ടുകളും പരമ്പരാഗത ഇടതുവോട്ടുകളും കൊണ്ട് എളുപ്പത്തിൽ വിജയം നേടാമെന്നും സി പി എം വിലയിരുത്തുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ എൻ സി പി മൊത്തം യു ഡി എഫിലേക്ക് പോയാൽ എൽ ഡി എഫിന് നാല് സീറ്റുകൾ ലാഭമെന്ന് വേണമെങ്കിൽ വിലയിരുത്താം. സീറ്റ് വിഭജനത്തിലെ പ്രശ്നങ്ങൾ അൽപ്പമെങ്കിലും ലഘൂകരിക്കാനും ഇത് സഹായിക്കും. എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ഒരു വിഭാഗം എൽ ഡി എഫിൽ നിന്നാൽ തന്നേയും അവർക്ക് ഒരു സീറ്റ് നൽകിയാൽ മതിയാകും.
ഏലത്തൂരും പാലായും കുട്ടനാടും ആണ് നിലവിൽ എൻ.സി.പിയുടെ സിറ്റിംഗ് സീറ്റുകൾ. ഇതിൽ ഏലത്തൂർ സി പി എമ്മിന്റെ ശക്തികേന്ദ്രമാണ്. കുട്ടനാടും പാലായും കേരള കോൺഗ്രസ് ശക്തി കേന്ദ്രവുമാണ്. ജോസ് കെ മാണിയുടെ വരവോടെ, എൻ.സി.പി ഇല്ലെങ്കിലും കുട്ടനാടും പാലായും നിലനിർത്താം എന്ന ആത്മവിശ്വാസം ഇടതുമുന്നണിയ്ക്കുണ്ട്. കഴിഞ്ഞ തവണ എൻ സി പി മത്സരിച്ച നാലാമത്തെ മണ്ഡലം കോട്ടയ്ക്കൽ ആയിരുന്നു. ഇടതുപക്ഷത്തിന് ഒരു ജയസാദ്ധ്യതയുമില്ലാത്ത മണ്ഡലമാണ് കോട്ടയ്ക്കൽ.