കോഴിക്കോട്: പ്രമുഖ സിനിമാ നടി പാർവതി തിരുവോത്തിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ നീക്കം നടക്കുന്നതായി വിവരം. സി പി എമ്മാണ് പാർവതിയെ കളത്തിലിറക്കാൻ ആലോചിക്കുന്നത്. മുഖംനോക്കാതെ നിലപാട് പറയുന്ന പാർവതിയെ മത്സരിപ്പിച്ചാൽ യുവതലമുറയുടെ പിന്തുണ കിട്ടുമെന്നാണ് നടിയെ പിന്തുണയ്ക്കുന്നവരുടെ വിലയിരുത്തൽ.
കോഴിക്കോട് ജില്ലയിൽ നിന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിനെ മത്സരിപ്പിക്കാൻ സി പി എം ആലോചിക്കുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. തൊട്ടുപിന്നാലെയാണ് പാർവതിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വാർത്തകളും പുറത്തുവരുന്നത്. ഡൽഹിയിൽ കർഷകസമരത്തെക്കുറിച്ച് ഈയിടെ പാർവതി നടത്തിയ പ്രതികരണം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സി പി എം നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
അതേസമയം, പ്രചാരണം അടിസ്ഥാനരഹിതമെന്ന് പാർവതി പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയും ഇക്കാര്യത്തിനായി തന്നെ സമീപിച്ചിട്ടില്ലെന്നും പാർവ്വതി ട്വിറ്ററിൽ കുറിച്ചു. സമാനമായ ഒരു വാർത്തയുടെ ലിങ്ക് പങ്കുവച്ചുകൊണ്ടായിരുന്നു പാർവതിയുടെ പ്രതികരണം.
രാഷ്ട്രീയക്കാർക്ക് പുറമേ പൊതു സമ്മതരായ സ്ഥാനാർത്ഥികളെയും മത്സരരംഗത്തിറക്കാനാണ് സി പി എമ്മിന്റെയും ഇടതുമുന്നണിയുടെയും തീരുമാനം. എൽ ഡി എഫ് കഴിഞ്ഞ തവണ സിനിമാതാരങ്ങളായ മുകേഷിനെയും ഗണേഷ്കുമാറിനെയും സ്ഥാനാർത്ഥികളാക്കിയിരുന്നു. ഇരുവരും വിജയിച്ച് എം എൽ എമാരാവുകയും ചെയ്തു.