തിരുവനന്തപുരം: സിഡ്കോയുടെ നവീകരിച്ച ആറ് വ്യവസായ എസ്റ്റേറ്റുകളുടെ ഉദ്ഘാടനവും എട്ട് പ്രൊഡക്ഷൻ യൂണിറ്റുകളുടെ ആധുനികവത്കരണ പ്രവർത്തനങ്ങളുടെ തുടക്കവും മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. ഏഴു കോടി രൂപ മുടക്കിയാണ് വ്യവസായ എസ്റ്റേറ്റുകൾ നവീകരിച്ചത്. 9.95 കോടി രൂപ ചെലവിലാണ് പ്രൊഡക്ഷൻ യൂണിറ്റുകളുടെ നവീകരണം.
തിരുവനന്തപുരം ഉള്ളൂരിലെ മിനി എസ്റ്റേറ്റ്, കൊല്ലം ഉമയനല്ലൂർ എസ്റ്റേറ്റ്, ആലപ്പുഴ മാവേലിക്കരയിലെ കൊല്ലക്കടവ് എസ്റ്റേറ്റ്, കോഴിക്കോട് കടലുണ്ടി മിനി എസ്റ്റേറ്റ്, വെസ്റ്റ്ഹിൽ എസ്റ്റേറ്റ്, പാലക്കാട്ടെ ഒലവക്കോട് എസ്റ്റേറ്റ് എന്നിവയുടെ നവീകരണമാണ് പൂർത്തിയായത്.
തിരുവനന്തപുരം ഗവൺമെന്റ് ഇൻസ്ട്രുമെന്റ് വർക്ക്ഷോപ്പ്, തിരുവനന്തപുരം പ്രഷൻ ഡൈകാസ്റ്റ് യൂണിറ്റ്, തിരുവനന്തപുരത്തെ വുഡ് വർക്കിംഗ് യൂണിറ്റ്, ഉമയനല്ലൂരിലെ സിഡ്കോ ടൂൾസ്, ആലപ്പുഴ കൊല്ലക്കടവ് വുഡ് വർക്ക്ഷോപ്പ്, പത്തനംതിട്ട പെരുമലയിലെ സ്ട്രാബോർഡ് ഫാക്ടറി, തൃശൂർ ഒല്ലൂരിലെ സർവീസ് വർക്ക്ഷോപ്പ്, കോഴിക്കോട് പുതിയറ ഗവൺമെന്റ് വുഡ് വർക്ക്ഷോപ്പ് എന്നീ പ്രൊഡക്ഷൻ യൂണിറ്റുകളാണ് നവീകരിക്കുക.
സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ കെ.ബി. ജയകുമാർ, ഡയറക്ടർമാരായ ടി.വി. ഗോവിന്ദൻ, എ.പി.രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു.