ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുർനൂലിൽ തീത്ഥാടകർ സഞ്ചരിച്ച മിനിവാനും ട്രക്കും കൂട്ടിയിടിച്ച് 14 പേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയപാത 44ൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം. കുർനൂൽ ജില്ലയിലെ മദർപുരം വില്ലേജിലാണ് അപകടമുണ്ടായത്.
ചിറ്റൂർ ജില്ലയിലെ മദനപ്പള്ളിയിൽ നിന്നും രാജസ്ഥാനിലെ അജ്മീറിലേക്ക് പോയ തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
മിനിവാൻ നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്ന് വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. എട്ട് സ്ത്രീകളും ഒരു കുഞ്ഞുമടക്കം അഞ്ച് പുരുഷൻമാരും സംഭവ സ്ഥലത്ത് വച്ച് മരിച്ചു.
പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്ന് സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനിവാൻ ഡ്രൈവർ ഉറങ്ങിപ്പോയതോ ടയർ പൊട്ടിയതോ ആകാം അപകടകാരണമെന്നാണ് പൊലീസിന്റെ നിഗമനം.