SignIn
Kerala Kaumudi Online
Sunday, 11 April 2021 3.22 AM IST

സർക്കാർ ഇന്ന് മാത്രം സ്ഥിരപ്പെടുത്തിയത് 221 പേരെ, 261 പുതിയ തസ്‌തികകൾ; മന്ത്രിസഭാ തീരുമാനങ്ങൾ

cabinet

തിരുവനന്തപുരം: പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരം ഭരണസിരാകേന്ദ്രത്തിന് മുന്നിൽ നടക്കുന്നതിനിടെ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ സർക്കാർ 221 താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനമെടുത്തു. കെ ടി ഡി സിയിൽ മാത്രം പത്ത് വർഷം പൂർത്തിയാക്കിയ നൂറ് ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയത്. സംസ്ഥാന യുവജനക്ഷേമ ബോർഡിൽ പി എസ് സിക്ക് വിടാത്ത തസ്‌തികകളിൽ പത്ത് വർഷത്തിലധികമായി ജോലി ചെയ്യുന്ന 37 പേരെയാണ് സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്.

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എജ്യൂക്കേഷണിൽ14 ജീവനക്കാരെയും സ്കോൾ കേരളയിൽ 54 പേരെയും ഭവന നിർമ്മാണ വകുപ്പിൽ 16 പേരെയുമാണ് ഇന്ന് മാത്രം സ്ഥിരപ്പെടുത്തിയത്. പി എസ് സിക്ക് വിടാത്ത തസ്‌തികകളിൽ മാത്രമാണ് സ്ഥിരപ്പെടുത്തൽ ബാധകമെന്നാണ് വിശദീകരണം.

അതേസമയം, 261 പുതിയ തസ്‌തികകളാണ് സർക്കാർ ഇന്ന് സൃഷ്‌ടിച്ചത്. വയനാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം തുടങ്ങുന്നതിന് 115 അദ്ധ്യാപക തസ്‌തികകൾ ഉൾപ്പടെ 140 തസ്‌തികകൾ സൃഷ്‌ടിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 16 യു ഡി സി, 17 എൽ ഡി സി ഉൾപ്പടെ 55 തസ്‌തികകൾ സൃഷ്‌ടിക്കാൻ തീരുമാനിച്ചു. മലബാർ ദേവസ്വം ബോർഡിൽ ആറ് എൻട്രി കേഡർ തസ്‌തികകൾ സൃഷ്‌ടിക്കാനും തീരുമാനിച്ചു. അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ വിവിധ വിഭാഗങ്ങളിലായി 60 തസ്‌തികകളാണ് സൃഷ്‌ടിക്കുന്നത്. ഇതിൽ 23 തസ്‌തികകൾ അസിസ്റ്റന്റിന്റേതാണ്.

പുലിയന്നൂർ സെന്റ് തോമസ് യു പി സ്‌കൂൾ, ആർ വി എൽ പി എസ് (കുരുവിലശ്ശേരി), എ എൽ പി.എസ് (മുളവുകാട്), എം ജി യു പി എസ് (പെരുമ്പിളളി മുളന്തുരുത്തി), എൽ പി എസ് (കഞ്ഞിപ്പാടം), എൻ എൻ എസ് യു പി എസ് (ആലക്കാട്), എസ് എം എൽ പി എസ് (ചുലിശേരി), ടി ഐ യു പി എസ് (പൊന്നാനി), ശ്രീവാസുദേവാശ്രമം ഹയർ സെക്കൻഡറി സ്‌കൂൾ (നടുവത്തൂർ), സർവജന ഹയർസെക്കൻഡറി സ്‌കൂൾ (പുതുക്കോട്, പാലക്കാട്) എന്നീ പത്ത് എയ്ഡഡ് സ്‌കൂളുകൾ ഏറ്റെടുക്കാൻ തീരുമാനിച്ചു.

2019ൽ കൊറിയയിൽ നടന്ന അന്താരാഷ്ട്ര ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്‌ത് മിസ്റ്റർ യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കിയ ചിത്തരേഷ് നടേശനും ലോക പുരുഷ ശരീരസൗന്ദര്യ മത്സരങ്ങളിൽ വെളളി മെഡൽ നേടിയ ഷിനു ചൊവ്വക്കും അവരുടെ നേട്ടങ്ങളും കുടുംബപശ്ചാത്തലവും കണക്കിലെടുത്ത് യോഗ്യതയ്ക്കനുസരിച്ച് സർക്കാർ ജോലി നൽകാൻ തീരുമാനിച്ചു.

കേരള കളള് വ്യവസായ വികസന ബോർഡ് രൂപീകരിക്കാൻ ഓർഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. കളള് വ്യവസായവുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്നവരുടെ ക്ഷേമത്തിനുവേണ്ടിയാണ് ബോർഡ് രൂപീകരിക്കുന്നത്. സംസ്ഥാനത്ത് പരമ്പരാഗത കളള് വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുളള ലക്ഷ്യവും നിർദിഷ്ട നിയമത്തിലുണ്ട്. കേരള ഷോപ്‌സ് ആന്റ് കമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ഭേദഗതി ബിൽ ഓർഡിനൻസായി പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

സംസ്ഥാനത്ത് പ്രൊബേഷൻ അഥവാ നല്ലനടപ്പ് സംവിധാനത്തിന്റെ ഭാഗമായി നയം രൂപീകരിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ കരട് പ്രൊബേഷൻ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഗുരുതരമല്ലാത്ത കുറ്റങ്ങൾ ചെയ്തവരെയും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടവരെയും സമൂഹത്തിന് ഉതകുന്നവരാക്കി മാറ്റുന്ന സാമൂഹിക ചികിത്സാസമ്പ്രദായമാണ് നല്ലനടപ്പ് അല്ലെങ്കിൽ പ്രൊബേഷൻ. ഈ ലക്ഷ്യം ഫലപ്രദമായി നടപ്പാക്കുന്നതിനുളള നിർദ്ദേശങ്ങളാണ് നയത്തിലുളളത്. സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച കുന്നംകുളം, പയ്യന്നൂർ താലൂക്കുകളിൽ താലൂക്ക് സപ്ലൈ ഓഫീസുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും. കേരളത്തിലെ വിവിധ സർവകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ നിയമനരീതിയും സേവന വ്യവസ്ഥകളും നിശ്ചയിക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും.

ഇടുക്കി ജില്ലയിലെ കോലാഹലമേട്ടിൽ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെ കുറിച്ച് അന്വേഷിച്ച റിട്ട ജസ്റ്റിസ് കെ നാരായണ കുറുപ്പിന്റെ കണ്ടെത്തലുകളും ശുപാർശകളുമടങ്ങിയ റിപ്പോർട്ട് പൊതുവായി അംഗീകരിക്കാൻ തീരുമാനിച്ചു. കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ ഭരണഘടനയുടെ അനുഛേദം 311 (2) പ്രകാരം പിരിച്ചുവിടാനുളള ശുപാർശയും ഇതിൽ ഉൾപ്പെടും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PSC RANKHOLDERS, CABINET, PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.