ഇസ്ലാമാബാദ് : പാകിസ്ഥാൻ പ്രധാനമന്ത്രി മാത്രമല്ല് മുൻ പാക് ക്രിക്കറ്റ് ടീമിന്റെ നായകൻ കൂടിയാണ് ഇമ്രാൻ ഖാൻ. പാകിസ്ഥാൻ ആദ്യമായി ക്രിക്കറ്റ് ലോകകകപ്പ് നേടിയതും 1992ൽ ഇമ്രാൻഖാന്റെ ക്യാപ്ടൻസിയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇമ്രാൻ ഖാൻ.
ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ ലോകത്ത് ഏറ്റവും മുകളിലാണെന്ന് അദ്ദേഹം പറഞ്ഞു. ടീം ഘടനയിലെ മാറ്റമാണ് ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച ടീമാക്കി മാറ്റിയത്. ഇന്ത്യയെപ്പോലെ ക്രിക്കറ്റിലെ അടിസ്ഥാന വികസനത്തിന് പ്രധാന്യം നൽകിയാൽ പാകിസ്ഥാനും വളരാൻ സാധിക്കുമെന്നും ഇമ്രാൻ ഖാൻ ഒരു സ്വകാര്യപരിപാടിയിൽ പ്രതികരിച്ചു. പാകിസ്ഥാന് ഇന്ത്യയേക്കാൾ മികവുണ്ട്. കൂടുതൽ കഴിവുമുണ്ട്, പാകിസ്ഥാൻ ടീമിന് ഇന്ത്യയെപ്പോലെ ആകാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് – ഇമ്രാൻ ഖാൻ വ്യക്തമാക്കി.
2018ൽ പാകിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് ഘടനയിൽ പാക്ക് ബോർഡ് വലിയ പരിഷ്കാരം നടപ്പാക്കിയിരുന്നു. 16 പ്രാദേശിക ടീമുകളുണ്ടായിരുന്ന ആഭ്യന്തര ലീഗ് ബോർഡ് വെട്ടിച്ചുരുക്കി. എട്ട് പ്രവിശ്യാ ടീമുകൾ മാത്രം മതിയെന്നായിരുന്നു തീരുമാനം. ആഭ്യന്തരതലത്തിൽ ക്രിക്കറ്റ് കൂടുതൽ വാശിയേറിയതാക്കാനാണു തീരുമാനമെന്നായിരുന്നു പാകുസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ വിശദീകരണം.