തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ 67 ബസ് സ്റ്റേഷനുകളിൽ പൊതുവില്പനയ്ക്കായി പെട്രോൾ, ഡീസൽ പമ്പുകൾ സ്ഥാപിക്കാൻ കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജുപ്രഭാകറും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ എസ്. ധനപാണ്ഡ്യനും ധാരണാപത്രം ഒപ്പുവച്ചു.
ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ അദ്ധ്യക്ഷനായ ചടങ്ങ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 150 കോടി രൂപ ചെലവഴിച്ചാണ് ഐ.ഒ.സി കെ.എസ്.ആർ.ടി.സിയുമായി സഹകരിക്കുന്നതെന്നു മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഐ.ഒ.സി ജനറൽ മാനേജർ ഇൻ ചാർജ് ദീപക് ദാസ് മുഖ്യപ്രഭാഷണം നടത്തി, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. സാംസൺ മാത്യു, ടി. ഇളങ്കോവൻ, എസ്. അനിൽകുമാർ, യൂണിയൻ പ്രതിനിധികളായ സി. കെ. ഹരികൃഷ്ണൻ,ആർ. ശശിധരൻ, കെ.എൽ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.