തൃശൂർ: ഹിന്ദു വിശ്വാസം സംരക്ഷിക്കുന്നതിൽ കോൺഗ്രസിന് യാതൊരു ആത്മാർത്ഥതയുമില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ശബരിമല വിഷയത്തിൽ കോൺഗ്രസിന് രണ്ട് നിലപാടാണുളളത്. ഇക്കാര്യത്തിൽ രാഹുൽഗാന്ധി മൗനം പാലിക്കുകയാണ്. ശബരിമലയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഒരഭിപ്രായം പറയും കേരളത്തിൽ മറ്റൊന്നും പറയും. കേരളത്തിൽ നിന്നുളള എം പിയെന്ന നിലയിൽ രാഹുൽഗാന്ധി ഇതിനു മറുപടി നൽകണമെന്നും പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. ബി ജെ പിയുടെ സംസ്ഥാന നിർവാഹക സമിതി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കേരളത്തോട് പ്രത്യേക താത്പര്യമുണ്ട്. കോൺഗ്രസും സി പി എമ്മും ബി ജെ പിക്ക് ഒരുപോലെ എതിരാളികളാണ്. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് കൂടുതൽ വനിതാ സ്ഥാനാർത്ഥികൾ ഉണ്ടാകും. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കുന്ന കാര്യത്തിൽ നേതൃത്വം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ യു ഡി എഫ് - എൽ ഡി എഫ് സർക്കാരുകൾ ഒരു പോലെ പരാജയമാണ്. കേരളത്തിൽ ബി ജെ പി മികച്ച വിജയം നേടും. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കളളക്കടത്ത് നടത്തുകയാണ്. മുസ്ലീം വർഗീയ പ്രീണനമാണ് യു ഡി എഫും എൽ ഡി എഫും ചെയ്യുന്നത്. ഇത്തവണ ബി ജെ പിയുടെ വോട്ട് ശതമാനം കൂടും. കേരളത്തിൽ അപ്രതീക്ഷിത ഫലം ഉണ്ടാകുമെന്നും പ്രഹ്ളാദ് ജോഷി പ്രതീക്ഷ പ്രകടിപ്പിച്ചു.