ന്യൂഡൽഹി: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുന്നതിനിടെ രാജ്യത്ത് ദക്ഷിണാഫ്രിക്കൻ വകഭേദം നാലുപേർക്കും ബ്രസീൽ വകഭേദം ഒരാളിലും കണ്ടെത്തിയതായി ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ അറിയിച്ചു. ഇവരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്തു. ജനുവരിയിൽ അംഗോള, ടാൻസാനിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കാണ് ദക്ഷിണാഫ്രിക്കൻ വകഭേദം സ്ഥിരീകരിച്ചത്. ഈ മാസം തുടക്കത്തിൽ ബ്രസീലിൽ നിന്നെത്തിയ ആൾക്കാണ് ബ്രസീൽ വകഭേദം.
ഇന്ത്യയിൽ ഇതുവരെ 187 പേർക്കാണ് ബ്രിട്ടീഷ് കൊവിഡ് വകഭേദം കണ്ടെത്തിയത്. ബ്രിട്ടനിൽ നിന്നെത്തിയവർക്ക് നിർബന്ധിത കൊവിഡ് പരിശോധന ഏർപ്പെടുത്തിയത് പോലെ ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും പരിശോധന കർശനമാക്കും.
വാക്സിൻ ഫലപ്രദമാണോ?
നിലവിലെ വാക്സിൻ യു.കെ കൊവിഡ് വകഭേദത്തിന് ഫലപ്രദമാണ്. എന്നാൽ ദക്ഷിണാഫ്രിക്കൻ, ബ്രസീലിയൻ വകഭേദങ്ങളിൽ ഫലപ്രദമാണോയെന്നുള്ളതിൽ പരീക്ഷണം തുടങ്ങി. ദക്ഷിണാഫ്രിക്കൻ വകഭേദം അമേരിക്ക ഉൾപ്പെടെ 41 രാജ്യങ്ങളിലും ബ്രസീൽ വകഭേദം 9 രാജ്യങ്ങളിലും യു.കെ വകഭേദം 82 രാജ്യങ്ങളിലുമാണ് ഇതുവരെ സ്ഥിരീകരിച്ചത്. യു.കെ വകഭേദത്തേക്കാൾ ദക്ഷിണാഫ്രിക്കൻ, ബ്രസീലിയൻ വകഭേദങ്ങൾ വേഗത്തിൽ ശ്വാസകോശത്തെ ബാധിക്കുമെന്നാണ് വിദ്ഗധർ പറയുന്നത്.
വാക്സിൻ മടക്കിയിട്ടില്ലെന്ന് ദക്ഷിണാഫ്രിക്ക
..............................
ഇന്ത്യയിൽ നിന്നയച്ച 10 ലക്ഷം ഡോസ് അസ്ട്രാസെനക വാക്സിൻ ഡോസുകൾ പുതിയ വകഭേദത്തിന് ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി മടക്കിയെന്ന വാർത്തകൾ ദക്ഷിണാഫ്രിക്ക നിഷേധിച്ചു.
ദക്ഷിണാഫ്രിക്കയിലെ 90 ശതമാനം കൊവിഡ് ബാധിതരിലും പുതിയ വകഭേദമാണ് കണ്ടെത്തിയതെന്നും അസ്ട്രസെനക വാക്സിൻ ഇതിന് ഫലപ്രദമല്ലെന്നും അതിനാൽ വാക്സിൻ ഡോസുകൾ തിരിച്ചെടുക്കണമെന്നും ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടെന്നായിരുന്നു റിപ്പോർട്ടുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 17 സംസ്ഥാനങ്ങളിൽ പുതിയ കൊവിഡ് മരണമില്ലെന്നും 6 സംസ്ഥാനങ്ങളിൽ പുതിയ കേസുകളില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 97.32 ആണ്. 1.36 ലക്ഷം പേരാണ്ചികിത്സയിലുള്ളത്. ഇത് ആകെ കേസുകളുടെ 1.25 ശതമാനമാണ്.
മഹാരാഷ്ട്രയും കേരളവും ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് പുതിയ കേസുകളിലെ 80.54 ശമതാനവും. രാജ്യത്ത് ഇതുവരെ 87 ലക്ഷത്തിലേറെ പേർക്ക് കൊവിഡ് വാക്സിൻ നൽകി.