ന്യൂഡൽഹി: ഹിന്ദു സംഘടനാ നേതാക്കൾക്കെതിരെ ഭീകരാക്രമണം ലക്ഷ്യമിട്ടെത്തിയ മലയാളികളായ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ സ്ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്തതായി യു.പി പൊലീസ് അറിയിച്ചു. പത്തനംതിട്ട സ്വദേശി അൻസാദ് ബദ്റുദ്ദിൻ, കോഴിക്കോട് സ്വദേശി ഫിറോസ്ഖാൻ എന്നിവരെയാണ് യു.പി പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഇന്നലെ രാത്രി 8.30ന് അറസ്റ്റ് ചെയ്തത്. യു.പിയിലെ സുപ്രധാന സ്ഥലങ്ങളിൽ ബോംബ് സ്ഫോടനവും ഇവർ ലക്ഷ്യമിട്ടെന്ന് പൊലീസ് അറിയിച്ചു. സ്ഫോടകവസ്തുക്കൾ, ഡിറ്റണേറ്ററുകൾ, ആയുധങ്ങൾ, പ്രകോപനപരമായ രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു. പോപ്പുലർ ഫ്രണ്ടിന്റെ മിലിട്ടറി കമാൻഡറാണ് ബദ്റുദ്ദീനെന്നാണ് പൊലീസ് പറയുന്നത്. ആളുകളെ പോപ്പുലർ ഫ്രണ്ടിലേക്ക് റിക്രൂട്ട് ചെയ്ത് അക്രമങ്ങൾ നടത്താനും ഇവർ ലക്ഷ്യമിട്ടരുന്നു. ഈ മാസം 11നാണ് ഇവർ ലക്നൗവിലെത്തിയത്. അന്ന് മുതൽ ഇവർക്കുള്ള തെരച്ചിൽ നടത്തുകയായിരുന്നുവെന്നും ഇന്നലെ ഇന്ദിരാനഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു.